കൊച്ചി: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണഅടായ തീപിടുത്തം രണ്ടാം ദിനത്തിലും നിയന്ത്രണ വിധേയമാക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടുത്താനാകാത്തതാണ് നിലവിലെ പ്രതിസന്ധി. പ്രളയകാലത്ത് ആലപ്പുഴയിൽ ഉപയോഗിച്ച മോട്ടോറുകളും കൂടുതൽ ഫയർ എഞ്ചിനടക്കം എത്തിച്ച് നാളെ വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഫയർ എഞ്ചിനുകൾക്ക് പ്രവർത്തിക്കാൻ തടസ്സം നേരിടുന്നതിനാൽ നേവി,എയർ ഫോഴ്സ് യൂണിറ്റുകളെ തീകെടുത്താനായി തത്കാലം സമീപിക്കില്ലെന്നാണ് വിവരം.
ഒരു ഭാഗത്തെ തീ കെടുത്തുമ്പോഴേക്കും പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ വീണ്ടും പടരുന്നതാണ് വെല്ലുവിളി. കൂടിയാലോചനയ്ക്ക് ശേഷമാണ് ജില്ല ഭരണകൂടം പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്.ബിപിസിഎല്ലിനൊപ്പം കൊച്ചിയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഫയർ എഞ്ചിനുകളടക്കം ബ്രഹ്മപുരത്തേക്ക് എത്തി.എയർ ഫോഴ്സ്,നേവി യൂണിറ്റുകളുടെ സഹായം തേടാൻ ആദ്യം ആലോചിച്ചെങ്കിലും തീരുമാനം തത്കാലത്തേക്ക് പിൻവലിച്ചിരിക്കുകയാണ്. ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിൽ രക്ഷാപ്രവർത്തനം നടത്താൻ തയ്യാറാണെന്ന് കോയമ്പത്തൂരിലെ വ്യോമസേന യൂണിറ്റ് അറിയിച്ചിട്ടുണ്ടെന്നു കളക്ടർ പറഞ്ഞു.
നാളെ അവധി ദിനമായതിൻ തന്നെ പരിസരത്തെ വീടുകളിൽ ആളുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യുദ്ധകാലടിസ്ഥാനത്തിൽ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച ആയതിനാൽ ബ്രഹ്മപുരം പരിസരത്തും മുൻകരുതൽ വേണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ മേഖലയിൽ പരമാവധി കടകൾ അടച്ചിടാൻ ശ്രമിക്കണം കൂടുതൽ പുക ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ട് പൊതുജനങ്ങൾ വീടുകളിൽ തന്നെ തുടരുന്നതാകും ഉചിതമെന്നാണ് പൊതുനിർദേശം.
തീയണയ്ക്കാൻ പുഴയിൽ നിന്നും വെള്ളമെത്തിക്കാൻ ശ്രമിക്കുന്നതായി എറണാകുളം ജില്ലാ കളക്ടർ രേണുരാജ് അറിയിച്ചു. ഇതിനായി മോട്ടറുകൾ ആലപ്പുഴയിൽ നിന്നടക്കം ലഭ്യമാക്കും. നിലവിൽ ഇരുപത് അഗ്നിരക്ഷാ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരം പരിസരത്ത് നാളെ കഴിവതും ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നും അവധി ദിനമായതിനാൽ പരമാവധി സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
Discussion about this post