കൊച്ചി: ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്ത്തകന് മുന്‍കൂര്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ടയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ.
തന്നെയും കൂടെയുള്ള മാധ്യമപ്രവര്‍ത്തകരേയും സംഘപരിവാര്‍ പച്ചയ്ക്ക് കത്തിക്കുമോയെന്ന് ഭയപ്പെട്ട് ന്യൂസ് 18 ചാനലിന്റെ മാധ്യമപ്രവര്ത്തകന് എംഎസ് അനീഷ്കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് ഒരാള്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന്. ഇതിന് ചുട്ടമറുപടിയുമായി അനീഷ് കുമാറിന്റെ ഭാര്യ ലിഗിമോള് രംഗത്തെത്തുകയായിരുന്നു.
ലിഗിയുടെ മറുപടി കമന്റ് ഇങ്ങനെ:
’12 വര്‍ഷത്തിനിടയില്‍ 22 മാസമായി തന്റെ ഭര്‍ത്താവ് അനീഷ് സന്നിധാനത്ത് ഉണ്ടെന്നും അതുകൊണ്ട് അയ്യപ്പന്റെ കുത്തക ഒരുത്തരും എടുക്കേണ്ടെന്നും ലിഗിമോള് പറയുന്നു. കാവിമുണ്ടിലും ഷാളിലുമല്ല ഞങ്ങളുടെ ഹൃദയത്തിലാണ് അയ്യപ്പസ്വാമി. SABARIMALA തിരിച്ചെഴുതിയാല്‍ ഞങ്ങളുടെ മകള്‍ ALAMIയുടെ പേരായി. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ 2 മാസത്തിലധികമാണ് എന്റെ ഭര്‍ത്താവ് സന്നിധാനത്ത് കഴിഞ്ഞത്.അതുകൊണ്ട് അയ്യപ്പന്റെ കുത്തക ഒരുത്തരും എടുക്കണ്ട. ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നവര്‍ക്ക്, വര്‍ഗീയവാദികള്‍ ഇല്ലാതാക്കിയാല്‍ ഈ നാട്ടുകാരുണ്ടാവും എനിക്കും കുട്ടികള്‍ക്കും..ഫോണിലും ഫേസ്ബുക്കിലുമെത്തുന്ന ഭീഷണികള്‍ക്ക് കൂടിയാണ് ഈ മറുപടി.’
അതേസമയം, അനീഷ് കുമാറിന്റെ ഭയപ്പാടോടുകൂടിയുള്ള ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു.:
ഇന്നെഴുതാന്‍ തീരെ വയ്യ, പക്ഷെ എഴുതാതെ എങ്ങിനെ കിടക്കും.നിലയ്ക്കലിലെ റബര്‍ മര ചുവട്ടില്‍ കാറിനുള്ളില്‍ കിടക്കുന്ന ഞങ്ങളെ പരിവാരങ്ങള്‍ ഇന്നു രാത്രി തന്നെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്.ഇന്നലെ രാവിലെ ആറു മണിയ്ക്ക് തുടങ്ങിയതാണോട്ടം. ആദിവാസികളെ മറയാക്കിയായിരുന്നു ആദ്യ അങ്കം. പമ്പയിലേക്ക് പുറപ്പെട്ട ഓരോ വാഹനവും നിര്‍ത്തിയിട്ട് പരിശോധിച്ചു.
നിഷ്ക്കളങ്കരായ സ്ത്രീകള്‍, പ്രായമെത്തിയവരും എത്താത്തവരുമായ വനിതാ തീര്‍ത്ഥാടകരെ പുറത്തേക്ക് തള്ളി. തെരുവില്‍ വലിച്ചിഴച്ചു.വനിതാ മാധ്യമ പ്രവര്‍ത്തകരായ കാജല്‍, ദേവി എന്നിവരെ വഴിയില്‍ തന്നെ തടഞ്ഞിട്ടു. പകല്‍ പ്രക്ഷോഭത്തിനു ശേഷം ഇന്നലെ അര്‍ദ്ധരാത്രിയ്ക്കു മുമ്പേ നാട്ടുകാരായ സമരക്കാര്‍ പന്തല്‍ വിട്ടു. ത്യശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള കാവി മുണ്ടും കാവി ഷാളും ധരിച്ചയാളുകള്‍ പന്തലിലെത്തി. പുലര്‍ച്ചെ മൂന്നരയോടെ തെറി വിളിയുടെ അകമ്പടിയോടെ കാറില്‍ ഉച്ചത്തില്‍ തട്ടുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. മാതൃഭുമിയുടെയും ഏഷ്യാനെറ്റിന്റെയും ന്യൂസ് 18 ന്റെയുമെല്ലാം ഡി.എസ്.എന്‍.ജികള് സ്ഥലത്തു നിന്നു മാറ്റിച്ചു.മാതൃഭൂമിയിലെ ഷാനവാസിനെയും ഏഷ്യാനെറ്റിലെ അജിത്തിനെയുമെല്ലാം കയ്യേറ്റം ചെയ്തു. പിന്നീട് പലായനമായിരുന്നു.
നിലയ്ക്കലില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലത്തേയ്ക്ക് വാഹനങ്ങള്‍ മാറ്റി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സുരക്ഷ ഉറപ്പു നല്‍കിയതോടെ മടങ്ങിയെത്തി. നേരം പുലര്‍ന്നതോടെ സമരക്കാര്‍ അഴിഞ്ഞാട്ടം തുടര്‍ന്നു. ബസുകള്‍ തടഞ്ഞ് യുവതികള്‍ക്കായുള്ള പരിശോധന പുനരാരംഭിച്ചു.ഈ ഘട്ടമെത്തിയതോടെ പോലീസ് ഇടപെട്ടു.ഗുണ്ടകളെ റബര്‍ തോട്ടത്തിലേക്ക് അടിച്ചോടിച്ചു. സമരപ്പന്തലും പൊളിച്ചു. എന്നാല്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടുമെത്തി കളം മാറി. റബര്‍ തോട്ടത്തിലൂടെ ഓടിയവര്‍ വീണ്ടുമെത്തി സമരം തുടര്‍ന്നു.ബി.ജെ.പി നേതാക്കള്‍ നിലയ്ക്കല്‍ പമ്പിനടുത്തുള്ള പുതിയ സമരമുഖത്തേക്ക്.
ശരണമന്ത്രങ്ങള്‍ക്കൊപ്പം അസഭ്യവര്‍ഷങ്ങളുമായി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.നാലു വനിതാ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ധിച്ചു.മാധ്യമ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു.അയ്യപ്പനായി സമരം നടത്തുന്നവര്‍ മൂലം സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര മണിക്കൂറുകളോളം തടസപ്പെട്ടു. റോഡുകളില്‍ അഴിഞ്ഞാട്ടം സര്‍ച്ച സീമയും ലംഘിച്ചതോടെ പോലീസ് ലാത്തി വീശി. കാട്ടിനുള്ളില്‍ ഓടിക്കയറിയ ഗുണ്ടകള്‍ അവിടെ നിന്നും കല്ലെറിഞ്ഞു. കാമറകളും വാഹനങ്ങളും എറിഞ്ഞുതകര്‍ത്തു.മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞു തല്ലി.രാത്രിയോടെ പത്തനംതിട്ടയിലേയ്ക്കു പോയ മനോരമ വാഹനത്തിന് നല്കിയ ഏറു കിട്ടിയത് പോലീസ് വണ്ടിയ്ക്ക് .
നിയന്ത്രണം വിട്ട വാഹനം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അത്ഭുതകരമായി രക്ഷപ്പെട്ട പോലീസുകാര്‍ പരുക്കുകളോടെ മെഡിക്കല്‍ കോളേജില്‍. സുപ്രീംകോടതി വിധി മുതല്‍ നരേന്ദ്ര മോദിയ്ക്കെതിരായ വിമര്‍ശനം വരെ ചൂണ്ടിക്കാട്ടിയാണ് തെറി വിളിയും തച്ചുടയ്ക്കലും. അഴിഞ്ഞാട്ടത്തിന്റെ പിന്നിലാരെന്നു പറയാന്‍ രണ്ടു ദിവസമായി ഇവിടെ തങ്ങുന്ന ഞങ്ങള്‍ക്ക് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല.
ഞങ്ങള്‍ക്കെതിരായ ഓരോ കല്ലേറും തിരിച്ചറിവു നല്കുന്നു നിങ്ങള്‍ മാധ്യമങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന്, പ്രതിസന്ധിയ്ക്കിടെയിലും അത് നല്കുന്ന സന്തോഷം ചെറുതുമല്ല. മഹാപ്രളയത്തെ മറികടന്ന നാട് നിങ്ങള്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയും അതി ജീവിയ്ക്കും. വശങ്ങളില് വന്ന് വധഭീഷണി നല്കി മറഞ്ഞവര്‍ നാളെ കൈവെയ്ക്കുമെന്നു തന്നെ കരുതുന്നു.
Discussion about this post