കൊച്ചി: ഫേസ്ബുക്ക് ലൈവിൽ വന്ന് കട കത്തിക്കുമെന്ന് പറഞ്ഞ യുവാവ് ലോട്ടറി ഏജൻസിക്കട പെട്രോളൊഴിച്ച് തീയിട്ടു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് യുവാവിന്റെ ക്രൂരത. സൈക്കിളിൽ ലോട്ടറി വിൽപ്പന നടത്തുന്ന രാജേഷ് ആണ് ലോട്ടറി കടയിൽ എത്തി തീയിട്ടത്. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറി ഏജൻസീസിന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തീയിട്ടത്. സംഭവത്തിൽ ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിൽ അടുത്തടുത്ത് കടകൾ ഉള്ളിടത്താണ് പെട്രോളൊഴിച്ച് ആക്രമണമുണ്ടായത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പരിഭ്രാന്തരായെങ്കിലും കടയിലെ ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ വലിയ ദുരന്തമുണ്ടായില്ല.
കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോൾ വീണിരുന്നെങ്കിലും കൂടുതൽ അപായം സംഭവിച്ചില്ല. മീനാക്ഷി ലോട്ടറി ഏജൻസീസ് കത്തിക്കുമെന്ന് രാജേഷ് ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു. പിന്നീട് മുൻപ് പറഞ്ഞ സമയത്ത് എത്തിയാണ് കടയ്ക്ക് തീയിട്ടത്.
ഇങ്ങനെയുള്ള കുത്തക മുതലാളിമാർ ആവശ്യമുണ്ടോ എന്ന് ഇയാൾ വീഡിയോയിൽ ചോദിക്കുകയും ചെയ്യുന്നുണ്ട്. റിയൽ കമ്മ്യൂണിസം, ഇഎംഎസ് ഭരിച്ചിരുന്നപ്പോഴത്തെ കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങൾക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താൻ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെന്നൊക്കെയാണ് രാജേഷ് വീഡിയോയിൽ പറയുന്നത്.