കോട്ടക്കൽ: നിർമ്മാണത്തിലിരുന്ന കിണറിടിഞ്ഞ് രണ്ടുപേർ മണ്ണിനടിയിൽ അകപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം നടത്തി ഒരു ജീവൻ രക്ഷിച്ച പരശുരാമൻ വീണ്ടും നാടിന് മാതൃകയാകുന്നു. മണ്ണിടിഞ്ഞുവീണ ഉടനെ പാഞ്ഞത്തെി സ്വന്തം ജീവൻ പോലും അവഗണിച്ചാണ് പരശുരാമൻ കിണറിലേക്ക് ഇറങ്ങി ഒരാളെ രക്ഷപ്പെടുത്തിയത്. കോട്ടക്കലിലെ ഈ അപകടത്തിൽ മരിക്കുകയും മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തിരുന്നു.
ഫെബ്രുവരി 28-ന് നടന്ന അപകടത്തിൽ ആദ്യം ഓടിയെത്തിയയാൾ കൂടിയാണ് തമിഴ്നാട് സ്വദേശി പരശുരാമൻ. അദ്ദേഹം വീണ്ടും മാതൃകയായിരിക്കുന്നത് നാട്ടുകാർ ആദരസൂചകമായി നൽകിയ പാരിതോഷികം മരിച്ചയാളുടെ കുടുംബത്തിന് കൈമാറിക്കൊണ്ടാണ്.
രക്ഷാപ്രവർത്തനത്തിന് ഇദ്ദേഹത്തെ നാട്ടുകാർ ആദരിക്കുകയും കാഷ് അവാർഡ് നൽകുകയുമായിരുന്നു. ഈ പണം അപകടത്തിൽ മരിച്ച എടരിക്കോട് സ്വദേശി അലി അക്ബറിന്റെ കുടുംബത്തിന് പരശുരാമൻ കൈമാറി.
അലി അക്ബറിനൊപ്പം അപകടത്തിൽപ്പെട്ടയാളായിരുന്നു അഹദ്. ഇയാളുടെ കരച്ചിൽ മണ്ണിൽ നിന്നുയർന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ പരശുരാമൻ സമയോചിതമായ ഇടപെടലിൽ രക്ഷിക്കുകയായിരുന്നു.
അപകടം നടന്ന ഉടൻ കിണറ്റിലേക്ക് ഇറങ്ങിയ പരശുരാമൻ, അഹദിന്റെ മുഖത്തെ മണ്ണ് നീക്കം ചെയ്യുകയായിരുന്നു. പിന്നീട് ശരീരത്തിലേയും മണ്ണ് നീക്കം ചെയ്ത് തനിയെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറിൽ ഇറങ്ങാൻ ഓടിക്കൂടിയവർക്ക് ഭയമായിരുന്നു.
അഹദിനൊപ്പം മണ്ണിനടിയിൽപ്പെട്ട അലി അക്ബറിന്റെ ശബ്ദം എവിടെനിന്നെങ്കിലും വരുന്നുണ്ടോ എന്ന് ചെവിവെച്ചു നോക്കി. ശബ്ദം ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ശബ്ദം കേട്ടിരുന്നങ്കിൽ അദ്ദേഹത്തെയും എങ്ങനെങ്കിലും രക്ഷപ്പെടുത്തിയേനെയെന്നാണ് പരശുരാമൻ പറയുന്നത്.
അലി അക്ബറിനെ രക്ഷിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്. മൂന്നു കുട്ടികളാണ് അദ്ദേഹത്തിന് എന്നറിഞ്ഞു. ഞാൻ ആയിരുന്നു അത്തരത്തിൽ കിണറ്റിൽപ്പെട്ട് മരിക്കുന്നതെങ്കിൽ സഹായത്തിന് ഈ നാട്ടുകാരേ ഉണ്ടാകൂ. നാട്ടുകാർ ആദരിച്ചതിന് ശേഷം സമ്മാനിച്ച പണം സ്വീകരിക്കാൻ തോന്നിയില്ല. ഓർമ വന്നത് അലി അക്ബറിന്റെ കുട്ടികളെയാണെന്നാണ് പരശുരാമൻ പ്രതികരിച്ചത്.
അപകടം നടന്ന ദിവസം രാവിലെ ഇവിടെ കൊട്ടവണ്ടി ഓട്ടത്തിന് എത്തിയതായിരുന്നു. വണ്ടി തൊട്ടപ്പുറത്ത് നിർത്തി നിൽക്കുമ്പോൾ, നാലഞ്ചുപേർ ഓടിവരുന്നത് കണ്ടു. കിണറ്റിൽ മണ്ണിടിഞ്ഞു. രണ്ടുപേർ അകപ്പെട്ടു. ഓടിവരൂ.. ഓടിവരൂ എന്ന് അവർ പറയുന്നുണ്ടായിരുന്നു. അലി അക്ബറിനും അഹദിനുമൊപ്പം എത്തിയ നാലു പേരുണ്ടായിരുന്നു അവിടെ. ഒപ്പമുണ്ടായിരുന്നവരല്ലേ, കിണറ്റിലേക്ക് ഇറങ്ങിക്കൂടേ എന്ന് ഞാൻ അവരോടു ചോദിച്ചു. കയ്യും കാലും വിറയ്ക്കുന്നു, തല കറങ്ങുന്നുണ്ട്. നിവൃത്തിയില്ല എന്നായിരുന്നു അവരുടെ മറുപടി.
അവരുടെ ബാപ്പ കൊടുക്കുന്നതു പോലെയാകില്ല. എന്നാലും അവർ നൽകാൻ തോന്നിയെന്നും പരശുരാമൻ പറയുന്നു. ആദരിക്കാൻ ഒരുപാടുപേര് വിളിക്കുന്നുണ്ട്. പണം തന്നാൽ വരില്ലെന്നും ഇല്ലെങ്കിൽ മാത്രമേ വരൂവെന്നും അവരോടെല്ലാം പറഞ്ഞിട്ടുണ്ടെന്നും പരശുരാമൻ കൂട്ടിച്ചേർത്തു.