ഡിഎന്‍എ ടെസ്റ്റ് കുടുക്കി; ബധിരയും മൂകയുമായ യുവതി പീഡനത്തിനിരയായി പ്രസവിച്ച കേസ്, ബന്ധുവായ യുവാവ് അറസ്റ്റില്‍

ഡിഎന്‍എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചുനക്കര നടുവിലെമുറി രാജീവ് ഭവനില്‍ രാജീവിനെ (46) നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.

arrest

ചാരുംമൂട്: ബധിരയും മൂകയുമായ യുവതി പീഡനത്തിനിരയായി പ്രസവിച്ച കേസില്‍ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഡിഎന്‍എ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചുനക്കര നടുവിലെമുറി രാജീവ് ഭവനില്‍ രാജീവിനെ (46) നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.

നൂറനാട് സ്വദേശിയായ 20കാരി പീഡനത്തിനിരയായ സംഭവത്തില്‍ കുഞ്ഞിന് നാലുമാസം പ്രായമായപ്പോഴാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച് കയറി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

വിവരം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി കാര്യങ്ങള്‍ പുറത്തറിയിച്ചില്ല. മാസങ്ങള്‍ കഴിഞ്ഞു വയറു വേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോള്‍ ഗര്‍ഭിണിയായെന്ന വിവരം പെണ്‍കുട്ടിക്ക് മനസിലായി. എന്നിട്ടും സൂചന പോലും നല്‍കിയില്ല.

വയറു വേദന കലശലായതിനെ തുടര്‍ന്ന് വീട്ടുകാരോട് ഇക്കാര്യം കുട്ടിയുടെ രീതിയില്‍ അറിയിച്ചതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നാളുകള്‍ക്കു ശേഷം പ്രസവം നടന്നു. എന്നാല്‍ പ്രതി ആരാണെന്ന് വ്യക്തമാക്കാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് വീട്ടുകാര്‍ നൂറനാട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ വൈദഗ്ദ്ധ്യം നേടിയ അദ്ധ്യാപകരുടെ സഹായം പോലീസ് തേടി. എന്നിട്ടും പ്രതിയെക്കുറിച്ചുള്ള ഒരു സൂചനയും നല്‍കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. പീന്നീട് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയപ്പോള്‍ ബന്ധുവായ രാജീവിനെ സംശയം തോന്നി. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ പൂര്‍ണമായും വിസമ്മതിച്ചു.

തുടര്‍ന്ന് രാജീവന്റെ ഫോട്ടോ കാട്ടിയപ്പോള്‍ കുട്ടി ഭാഗികമായി തിരിച്ചറിഞ്ഞു. പക്ഷേ ഇയാള്‍ പൂര്‍ണമായി നിഷേധിച്ചത് കാരണം അറസ്റ്റ് ചെയ്യാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും രാജീവന്റെയും രക്ത സാമ്പിളുകള്‍ ശേഖരിച്ചു ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരം സ്റ്റേറ്റ് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു.

കഴിഞ്ഞ ദിവസം ഫലം വന്നപ്പോഴാണ് രാജീവ് തന്നെയാണ് കുഞ്ഞിന്റെ അച്ഛനെന്ന വിവരം വ്യക്തമായത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

Exit mobile version