നടനും അവതാരകനുമായ മിഥുൻ രമേശിന് ബെൽസ് പാൾസി രോഗം സ്ഥിരീകരിച്ചു. തനിക്ക് രഗാവസ്ഥ ഉണ്ടായതായ മിഥുൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
താൻ കുറച്ച് ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ഇപ്പോൾ ആശുപത്രിവാസത്തിലാണെന്നാണ് മിഥുൻ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത്. ബെൽസ് പാൾസി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാൻ കഴിയുന്നില്ലെന്നും മിഥുൻ പറയുന്നു.
ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളർന്ന അവസ്ഥയിലാണെന്നും പറയുന്നുണ്ട്. രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നു വ്യക്തമാക്കി മിഥുൻ വീഡിയോ അവസാനിപ്പിക്കുകയാണ്.
നേരത്തെ ബെൽസ് പാൾസി എന്ന രോഗം ബാധിച്ചതിനെക്കുറിച്ച് അടുത്തിടെ സിനിമാ-സീരിയൽ താരം മനോജ് കുമാറും വെളിപ്പെടുത്തിയിരുന്നു. മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോഗം സുഖപ്പെടാറുണ്ട്. മിക്കയാളുകളിലും ആറു മാസത്തിനുള്ളിൽ രോഗമുക്തി നേടാം. ഒന്നിലധികം പ്രാവശ്യം രോഗം വരാനുള്ള സാധ്യതയും കുറവാണ്.
ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ കഴിയുകയില്ല. തലവേദന, ചെവിക്ക് പിന്നിൽ വേദന, മുഖത്തെ തളർന്ന വശം ചലിപ്പിക്കാൻ സാധിക്കാതിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
അക്യൂട്ട് പെരിഫെറൽ ഫേഷ്യൽ പാൾസി എന്നും ഈ രോഗം അറിയപ്പെടുന്നു. ഏതു പ്രായത്തിലും രോഗം ബാധിക്കാം. ഇതുവരെ രോഗത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. മുഖത്തിന്റെ ഒരുവശത്തെ മസിലുകളെ നിയന്ത്രിക്കുന്ന നാഡിയുടെ വീക്കമാകാം കാരണമെന്നാണ് വിദഗ്ധർ കരുതുന്നത്. ചില വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷവും ഈ അവസ്ഥ കാണപ്പെടാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.