നന്ദി പഴയിടം സാര്‍… ഒരു പരാതിയുമില്ലാതെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് വയറും നിറച്ചതിന്; ഗോപിനാഥ് മുതുകാട്

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ കലോത്സവമായ സമ്മോഹനില്‍ ഒരു പരാതിയുമുയര്‍ത്താതെ ഇഷ്ടവിഭവങ്ങള്‍ വിളമ്പി വയറുകള്‍ നിറച്ച പഴയിടം മോഹനന്‍ നമ്പൂതിരിക്ക് നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട്. പഴയിടത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മുതുകാട് കുറിപ്പ് പങ്കുവച്ചത്.

തളര്‍ച്ചയിലും ഞങ്ങള്‍ ചിരിച്ചു….സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാന്‍ അവശനായി നിലത്ത് തളര്‍ന്നു കിടക്കുമ്പോള്‍ പഴയിടം മോഹനന്‍ നമ്പൂതിരി അരികിലേക്ക് വന്നു. അദ്ദേഹം അതിനേക്കാള്‍ അവശനായിരുന്നു. കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളില്‍ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാന്‍ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു.

ഉത്തരേന്ത്യന്‍ വിഭവങ്ങളും കേരളത്തിന്റെ വിഭവങ്ങളും വേറെവേറെയുണ്ടാക്കി, വന്നവരെ മുഴുവന്‍ വയറൂട്ടിയതിന്റെ ഫലമായി, ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ സത്യത്തില്‍ നിറഞ്ഞത് എന്റെ മനസ്സായിരുന്നു.

പഴയിടം പറഞ്ഞു: ‘എല്ലാം നന്നായി കഴിഞ്ഞല്ലോ… ഇനി നമുക്ക് ഒരു ഫോട്ടോ എടുക്കണം.’
വിയര്‍ത്തൊട്ടിയ ശരീരങ്ങള്‍ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫര്‍ പറഞ്ഞു… ‘സ്മൈല്‍ പ്‌ളീസ്…’ ഞങ്ങള്‍ ചിരിക്കാന്‍ ശ്രമിച്ചു… തളര്‍ച്ചയിലെ ചിരി….!
നന്ദി പഴയിടം സാര്‍… ഒരു പരാതിപോലുമില്ലാതെ സ്‌നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്..

സ്‌കൂള്‍ കലോത്സവത്തിലെ നോണ്‍വെജ് വിവാദത്തിന് ശേഷം പഴയിടം എത്തിയ ശ്രദ്ധേയമായ പരിപാടിയായിരുന്നു സമ്മോഹന്‍.

Exit mobile version