കാസര്‍കോട്: നാടകോത്സവത്തിലെ നറുക്കെടുപ്പിലൂടെ ഭൂരഹിതയായ വീട്ടമ്മയ്ക്ക് ഒന്നാംസമ്മാനമായി ലഭിച്ചത് ആറ് സെന്റ് ഭൂമി. കാസര്‍കോട് കണ്ണങ്കൈയില്‍ നടത്തിയ നാടകോത്സവത്തിലെ നറുക്കെടുപ്പിലാണ് വേറിട്ട സമ്മാനരീതി.
നാടകോത്സവത്തിന് പണം കണ്ടെത്താന്‍ വിറ്റ കൂപ്പണുകള്‍ നറുക്കിട്ടപ്പോഴാണ് ബിന്ദുവിന് ഒന്നാം സമ്മാനം ലഭിച്ചത.് കണ്ണങ്കൈ നാടകവേദിയും വനിതാ കൂട്ടായ്മയും ചേര്#ന്നാണ് നാടകോത്സവത്തോട് അനുബന്ധിച്ച് സമ്മാന പദ്ധതി നടത്തിയത്.
സാധാരണയായുള്ള സമ്മാനപദ്ധതികളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു ഇത്. അഞ്ച് സെന്റ് ഭൂമിയും ഒപ്പം അഞ്ച് തെങ്ങിന് തൈയും മണ്‍വെട്ടിയും ജൈവ പച്ചക്കറി വിത്തുമായിരുന്നു നറുക്കെടുപ്പിലെ ഒന്നാംസമ്മാനമായി പ്രഖ്യാപിച്ചത്.
ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക ജോലിക്കാരിയാണ് ഒന്നാംസമ്മാനം നേടിയ കുട്ടമത്തെ വിവി ബിന്ദു. അഞ്ച് സെന്റ് ആയിരുന്നു ഒന്നാം സമ്മാനമെങ്കിലും ആറ് സെന്റ് സ്ഥലമാണ് ബിന്ദുവിന് കിട്ടിയത്. ഭര്‍ത്താവിന്റെ മരണ ശേഷം ബിന്ദുവും മകനും അമ്മയ്ക്കൊപ്പമാണ് താമസം.
ഒന്നാംസമ്മാനം ഭൂരഹിതയായ ഒരാള്‍ക്ക് തന്നെ കിട്ടിയതിന്റെ സന്തോഷത്തിലാണ് സംഘാടകരും. റോഡരികത്ത് ഭൂമി കിട്ടിയതില്‍ അതീവ സന്തോഷത്തിലാണ് ബിന്ദുവും മകനും. സ്ഥലത്തിന്റെ രേഖയും സമ്മാനങ്ങളും കഴിഞ്ഞ ദിവസം കൈമാറി. പരിപാടിയിലെ രണ്ടാം സമ്മാനം പശുവായിരുന്നു. ഇത് ലഭിച്ചത് അതിഥി തൊഴിലാളിക്കാണ്.
Discussion about this post