ഭക്ഷണപ്രേമികള്‍ക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കി വൈറലാകുന്ന ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. രുചിക്കൂട്ടൊരുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളിലും ഫിറോസ് എത്താറുണ്ട്. ഇന്ത്യയില്‍ നിരോധനമുള്ള ജീവികളെ വിദേശങ്ങളില്‍ വച്ച് ഭക്ഷണമാക്കുന്നത് വിവാദമാകാറുണ്ട്.
ഇത്തവണ ഫിറോസ് എത്തിയിരിക്കന്നത് ഭീമന്‍ മുതലയുമായാണ്. 100 കിലോ ഭാരമുള്ള ഒരു ഭീമന്‍ മുതലയെ ഗ്രില്‍ ചെയ്‌തെടുക്കുന്ന വീഡിയോയാണ് ഫിറോസ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. തായ്ലാന്‍ഡില്‍ നിന്നാണ് മുതലയെ ഗ്രില്‍ ചെയ്യുന്നത്.
മസാലയ്‌ക്കൊപ്പം നാട്ടിലെ മസാലക്കൂട്ടും ചേര്‍ത്താണ് പാചകം ചെയ്യുന്നത്. അടിപൊളി ടേസ്റ്റ് എന്നാണ് മുതലയെ രുചിച്ചുനോക്കിയ ഫിറോസിന്റെയും കൂട്ടുകാരുടെയും അഭിപ്രായം.
രുചിച്ചുനോക്കിയശേഷം ബാക്കി മുഴുവന്‍ മുതലയെയും തായ്കാര്‍ക്ക് കൊടുക്കാമെന്നും പറയുന്നുണ്ട്. ഈ വീഡിയോ തായ്ലാന്‍ഡില്‍ നിന്നുള്ളതാണെന്നും അവിടെ ഇത് നിയമവിധേയമാണെന്നും എന്നാല്‍ ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവിടെ ആരും ഇത് പരീക്ഷിക്കരുതെന്നും വീഡിയോയില്‍ ഫിറോസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏതായാലും മുതലയ്ക്ക് ആദരാഞ്ജലി നേരുകയാണ് സോഷ്യല്‍ ലോകം. ഇതിന് മുന്‍പ് വിദേശത്തുവച്ച് മയില്‍ ഗ്രില്‍ ചെയ്തത് ഏറെ വിവാദമായിരുന്നു.