കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച കേരളത്തില്‍ അങ്ങോളം ആക്രമണം അഴിച്ചുവിട്ട് ഹര്‍ത്താല്‍ ആചരിക്കുന്ന സംഘപരിവാറിനെ കടന്നാക്രമിച്ച് അധ്യാപിക ദീപാ നിശാന്ത്.
‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടത്തിന്റെ വാചകങ്ങള്‍ കുറിച്ച് കൊണ്ടാണ് ദീപ നിശാന്ത് സ്ത്രീ സമൂഹത്തെ ഒറ്റപ്പെടുത്തുന്ന സംഘപരിവാര്‍ നിലപാടിനെ വിമര്‍ശിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. ഓരോ സമര ശരികളും തിരിച്ചറിയപ്പെടുന്നത് അതാത് കാലഘട്ടത്തിലാകണമെന്നില്ല. പില്‍ക്കാലചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളായിരിക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേറിയത് ദളിത് സ്ത്രീകളാവുമ്പോ കുറേക്കൂടി രോഷം കൂടും!
അയിത്തായില്യേ, ഇരിപ്പിടമിളകുന്നതിന്റെ ഭയമാണ്.
‘തൊഴില്‍കേന്ദ്രത്തിലേക്ക് ‘ എന്നൊരു നാടകമുണ്ട്… 1948 ല്‍ പ്രസിദ്ധീകരിച്ചതാണ്.അതിലൊരു വക്കീലുണ്ട്.അയാളുടെ വലിയൊരാശങ്ക ഇപ്രകാരമാണ്:
‘സ്ത്രീകള് പ്രസവൊക്കെ ഉപേക്ഷിച്ച് ഭര്‍ത്താക്കന്മാരെ ഒക്കെ വേണ്ടാച്ച് അങ്ങട്ട് പോയാലോ? എങ്ങനെ ഈ ലോകം നടക്കും? കരിവാന്മാര് ഇരുമ്പ് പണിക്കൊന്നും തയ്യാറില്ല! കേമാവില്ല്യേ? വെളുത്തേടന്മാര് അലക്കാന്‍ ഭാവല്യ! എന്താ കഥ !എത്ര ബുദ്ധിമുട്ടുണ്ടാവും? ഒന്ന്വറിയാണ്ടല്ല പണ്ടുള്ളോര് ഓരോരുത്തര്‍ക്കും ഓരോ ജോലീന്ന് വച്ചിട്ടുള്ളത് !’
സംഗതി അതന്നെ! ഓരോരുത്തര്‍ക്കും ഓരോ പണി പറഞ്ഞിട്ട്ണ്ട്! അതങ്ങ്ട് ചെയ്താ മതി! അനാചാരങ്ങളോട് ഇഞ്ചോടിഞ്ച് പൊരുതിത്തന്നെയാണ് ഒരു ജനാധിപത്യമതേതരസമൂഹം അതിന്റെ നവോത്ഥാനനാള്‍വഴികള്‍ പിന്നിട്ടത് എന്നും പറഞ്ഞു ഇവിടെ ആരും വരേണ്ടതില്ല ഞങ്ങള് ചെവി പൊത്തിക്കളയും!
‘ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കില്‍ വെച്ചു കഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങള്‍ക്ക് വിളമ്പിക്കൊടുക്കും . ദേവന്റെ മേല്‍ ചാര്‍ത്തിക്കഴിഞ്ഞ പട്ടുതിരിയുടയാട അര്‍ദ്ധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാന്‍ ചീന്തിക്കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ നമ്പൂതിരി, പട്ടര്‍ തുടങ്ങിയ വര്‍ഗ്ഗങ്ങളെ പുറത്തോടിച്ച് കളയാനാണ് ഉപയോഗിക്കുക.’ [സമ്പൂര്‍ണ കൃതികള്‍ വി ടി ഭട്ടതിരിപ്പാട് ]
സവര്‍ണ്ണതയുടെ ‘സവിശേഷപദവികള്‍ ‘സ്വയം നിരാകരിച്ച് അകത്തും പുറത്തും സമരം നടത്തിയ വി ടി ഭട്ടതിരിപ്പാടും ഒരിക്കല്‍ ശാന്തിക്കാരനായിരുന്നു.
ഓരോ സമരശരികളും തിരിച്ചറിയപ്പെടുന്നത് അതാത് കാലഘട്ടത്തിലാകണമെന്നില്ല. പില്‍ക്കാലചരിത്രങ്ങളിലെ തിളങ്ങുന്ന അധ്യായങ്ങളായിരിക്കും നിലവിലെ പല എടുത്തുചാട്ടങ്ങളും. അതുവരെ നിലവിളികളും ഹര്‍ത്താലുകളും തുടരും.