കാലടി: പിതാവ് മരിച്ചതിന്റെ വേദന മാറും മുമ്പേ യാത്രയായി പതിനഞ്ചുകാരന് മകനും. മഞ്ഞപ്ര ജ്യോതിസ് സ്കൂളില്‍ നിന്നു മാങ്കുളത്തേക്കു വിനോദയാത്ര പോകുന്നതിനിടെ മുങ്ങിമരിച്ച ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അര്ജുന് ഷിബു ഉറ്റവര്‍ക്കും നാടിനും നൊമ്പരമായി മാറി.
കഴിഞ്ഞ ജനുവരി 29നാണ് അര്‍ജുന്റെ പിതാവ് ഷിബു (42) മരിച്ചത്. ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു മരണം. ഈ സമയത്തായിരുന്നു അര്‍ജുന്റെ പരീക്ഷ നടന്നിരുന്നത്. പഠനത്തില്‍ മിടുക്കനായ അര്ജുന് പിതാവിന്റെ വേര്‍പാടിന്റെ നൊമ്പരത്തില്‍ ഇടറി വീണില്ല.
നീറുന്ന ഹൃദയവുമായി അവന് അവസാന വര്‍ഷ പരീക്ഷയെഴുതി. എന്നാല്‍ പരീക്ഷയ്ക്കു ശേഷം സഹപാഠികള്‍ക്കൊപ്പം നടത്തിയ വിനോദ യാത്ര അര്‍ജുന്റെ അവസാന യാത്രയായി. ഇടുക്കി സ്വദേശികളാണ് ശ്രീമൂലനഗരത്തെ അരിമില്ലില്‍ തൊഴിലാളിയായ ഷിബുവും കുടുംബവും.
15 വര്‍ഷം മുന്‍പാണ് തന്റെ കുടുംബത്തെ ജോലിസ്ഥലത്തിന് അടുത്തേക്കു കൊണ്ടുവന്നത്. അരിമില്ലിലെ ജോലിയില്‍ നിന്നുള്ള വരുമാനം കൂട്ടിവച്ചു 2 വര്‍ഷം മുന്‍പ് മാണിക്യമംഗലത്ത് 5 സെന്റ് സ്ഥലവും വീടും വാങ്ങി താമസമാക്കി. കഴിഞ്ഞ ജനുവരി 21നാണ് ഷിബുവിന് അപകടം സംഭവിച്ചത്.
അരിമില്ലിലെ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റുന്നതിനിടെ ഷിബു താഴെ വീണു. ചികിത്സയില്‍ കഴിയുന്നതിനിടെ 29നു മരിച്ചു. ഈ മരണം കുടുംബത്തെ തളര്‍ത്തിയിരുന്നു. ഷിബുവിന്റെ ഭാര്യ ജിഷ കുടുംബം പുലര്‍ത്താന്‍ കാലടിയിലെ പലചരക്കു കടയില്‍ ജോലിക്കു പോകുകയാണിപ്പോള്‍. അതിനിടെയാണ് നെഞ്ചുതകര്ത്തുകൊണ്ട് മകന്റെ വിയോഗവും.
Discussion about this post