കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിന് എതിരെ കോഴിക്കോട് സ്വദേശി ഹർഷിന. തന്റെ വയറ്റിൽ പിന്നെ ത്രിക എങ്ങനെ എത്തിയെന്നാണ് ഹർഷിന ചോദിക്കുന്നത്. വർഷങ്ങളോളം സമാനതകളില്ലാത്ത വേദനയാണ് ഹർഷിന അനുഭവിച്ചത്. പിന്നീടാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയെന്ന് കണ്ടെത്തിയതും പരാതിയുമായി രംഗത്തെത്തിയതും.
എന്നാൽ ഹർഷിനയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നാണ് വിദഗ്ധസംഘം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.
എന്നാൽ, അന്വേഷണം അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഹർഷിന കത്രിക താൻ സ്വയം വിഴുങ്ങിയതാണോയെന്നും ചോദിക്കുന്നു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ ഹർഷിന നടത്തുന്ന സമരം നാലാംദിനം കഴിഞ്ഞും തുടരുകയാണ്. അഞ്ചുവർഷം താൻ സഹിച്ച വേദനയ്ക്ക് ഉത്തരം കിട്ടുംവരെ പോരാട്ടം തുടരുമെന്നു ഹർഷിന വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും, തൃശൂർ ജില്ല ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് ആരോഗ്യവകുപ്പിന് വേണ്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ALSO READ- തനിക്ക് ഹൃദയാഘാതം സംഭവിച്ചു; ആൻജിയോപ്ലാസ്റ്റി ചെയ്‌തെന്ന് സുഷ്മിത സെൻ
2017ലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ആശുപത്രിയിലെ ഇൻസ്ട്രുമെന്റൽ റജിസ്റ്റർ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്, എന്നാൽ അക്കാലത്ത് ഇൻസ്ട്രുമെന്റ് റജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ആരോഗ്യവകുപ്പിലും നീതി നൽകുമെന്ന് ഫോൺവിളിച്ച് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടതായി ഹർഷിന പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ.
Discussion about this post