തൃശ്ശൂര്‍: പാപ്പാനായി ചൊവ്വാഴ്ച വിരമിച്ച അമ്പത്തിയാറുകാരന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തൃശ്ശൂരിലാണ് സംഭവം. ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയില്‍ നിന്നു പാപ്പാനായി വിരമിച്ച ചെത്തല്ലൂര്‍ ഞെള്ളിയൂര്‍ ഇല്ലത്ത് എന്‍.വാസുദേവന്‍ ആണ് മരിച്ചത്.
അടുത്ത വീട്ടിലെ തെങ്ങില്‍ തേങ്ങ ഇടാനായി കയറിയപ്പോള്‍ താഴെ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ചയായിരുന്നു വാസുദേവന്‍ പാപ്പാനായി വിരമിച്ചത്. വിരമിച്ചതിന്റെ തലേദിവസം യാത്രയയപ്പ് കഴിഞ്ഞ് ജീവനക്കാര്‍ ഇദ്ദേഹത്തെ പാലക്കാട്ടെ വീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു.
also read: നാഗാലാൻഡിൽ ഇത് ചരിത്രവിജയം; നിയമസഭയിലേക്ക് ആദ്യമായി രണ്ട് വനിതകളും!
തെങ്ങില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ വാസുദേവനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മരണം സംഭവിച്ചിരുന്നു. മൂസ് എന്നായിരുന്നു വാസുദേവന്‍ അറിയപ്പെട്ടിരുന്നത്. ആനക്കമ്പം മൂത്ത് പാപ്പാനായി മാറിയ ഇദ്ദേഹം ‘ജൂനിയര്‍ വിഷ്ണു’ എന്ന ആനയുടെ ചട്ടക്കാരനായി 2001 ഒക്ടോബര്‍ 29നാണ് ഗുരുവായൂര്‍ ദേവസ്വത്തില്‍ എത്തിയത്.
12 വര്‍ഷമായി ആനക്കോട്ടയില്‍ കെട്ടുതറിയില്‍ പുറത്തിറങ്ങാതെ നിന്നിരുന്ന രാധാകൃഷ്ണന്‍ എന്ന ആനയെ കഴിഞ്ഞ 21ന് ക്ഷേത്രത്തില്‍ എഴുന്നള്ളിച്ചതു രണ്ടാം പാപ്പാനായ മൂസിന്റെ കൂടി താല്‍പര്യപ്രകാരമായിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോകുല്‍ 2 കൂട്ടാനകളെ കുത്തിവീഴ്ത്തി ഇടഞ്ഞപ്പോള്‍ മുകളില്‍ കയറി ആനയെ നിയന്ത്രിച്ചത് മൂസ് ആയിരുന്നു.