കൊച്ചി: സാധാരണക്കാർക്ക് ഇരുട്ടടിയായി ഗാർഹിക, വാണിജ്യ പാചക വാതക വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാചകവാതകത്തിന് വില വർധിപ്പിച്ചതിനെ സംബന്ധിച്ച ചോദ്യത്തിന് സിലിണ്ടർ ഗ്യാസിന്റെ കാലം കഴിഞ്ഞെന്നായിരുന്നു ബിജെപി അധ്യാക്ഷന്റെ മറുപടി.
കേരളത്തിൽ വൈകാതെ സിലിണ്ടർ ഗ്യാസിന്റെ ഉപയോഗം അവസാനിക്കുമെന്നാണ് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സുരേന്ദ്രൻ പറഞ്ഞത്. ഗെയിൽ പൈപ്പ്ലൈൻ പൂർത്തിയായതോടുകൂടി കേരളത്തിലെ പല നഗരങ്ങളിലും ഇതിനോടകം തന്നെ വീടുകളിൽ പൈപ്പ്ലൈൻ ഗ്യാസ് എത്തിക്കഴിഞ്ഞു. നഗരങ്ങളിലൊന്നും ഇനിമുതൽ സിലിണ്ടർ ഗ്യാസ് ഉപയോഗിക്കില്ല. വളരെ വില കുറഞ്ഞ പൈപ്പ് ലൈൻ ഗ്യാസായിരിക്കും ഉപയോഗിക്കുകയെന്നാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
യുപിഎ സർക്കാർ ഭരിച്ച കാലത്ത് പെട്രോളിയം കമ്പനികൾക്കുണ്ടായ വലിയ നഷ്ടം പൂർണമായും നരേന്ദ്ര മോഡി തിരിച്ചടച്ചെന്നും കേരള സർക്കാരിനെപ്പോലെ ജനങ്ങളെ പിഴിഞ്ഞ് പുട്ടടിക്കുന്ന പരിപാടി സർക്കാരിനില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മോഡി സർക്കാർ ഒരു രൂപയുടെ അഴിമതി പോലും നടത്തിയില്ലെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ത്രിപുര നാഗാലാൻഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. മധുവിധു ആഘോഷിക്കും മുൻപേ ത്രിപുരയിൽ സിപിഎം – കോൺഗ്രസ് ദാമ്പത്യം തകർന്നുപോയെന്നും അദ്ദേഹം പരിഹസിച്ചു.