കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ നഴ്സ് അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ സ്വകാര്യാശുപത്രിയിൽ ജോലിചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ നഴ്സ് നിഷാം ബാബു (24)വാണ് അറസ്റ്റിലായത്. ഇയാളെ വനിതാ ഡോക്ടറുടെ പരാതിയിലാണ് കസബ പോലീസ് പിടികൂടിയത്.
മൈസൂരുവിലെ ആശുപത്രിയിലെ മലയാളി ഡോക്ടറാണ് പരാതിക്കാരിയായ യുവതി. നേരത്തേ മൈസൂരുവിലെ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് നിഷാം കോയമ്പത്തൂരിൽ കൂടുതൽ മെച്ചപ്പെട്ട ജോലി വാഗ്ദാനംചെയ്ത് ഡോക്ടറെ കോഴിക്കോട് നഗരത്തിൽ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഡിസംബറിൽ നഗരത്തിലെ സ്വകാര്യലോഡ്ജിൽ വെച്ച് പീഡനത്തിനിരയാക്കുകയായികുന്നു.
ഇതിന്റെ ഫോട്ടോകൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി വീണ്ടും അഞ്ചുതവണ മൈസൂരുവിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഫോണിലൂടെ ശല്യം തുടരുകയും ലോഡ്ജിലെത്തണമെന്ന് നിരന്തരം ആവശ്യപ്പെടുകയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ഡോക്ടറുടെ സ്വകാര്യദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെയാണ് ഡോക്ടർ പോലീസിനെ സമീപിച്ചത്.