കോഴിക്കോട്: കളഞ്ഞുകിട്ടിയ ബാഗില്‍ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26,000 രൂപയും. ബാഗിന്റെ ഉടമകളെ കണ്ടെത്തി നല്‍കി മാതൃകയായി താമരശേരി സ്വദേശി അബ്ദുള്‍ നാസര്‍. ബീഹാര്‍ സ്വദേശിനിയ്ക്കാണ് ബാഗ് നഷ്ടമായിരുന്നത്.
താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി അബ്ദുള്‍ നാസര്‍. തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് നാസറിന് താമരശ്ശേരി ചുരം വ്യൂ പോയിന്റിന് സമീപത്തെ റോഡരികില്‍ നിന്നും ലേഡീസ് ബാഗ് ലഭിച്ചത്. നാസര്‍ താമരശേരിയില്‍ എത്തി ബാഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ബാഗില്‍ ഉണ്ടായിരുന്ന ഐസിഐസി ബാങ്കിന്റെ എടിഎം കാര്‍ഡുമായി താമരശേരി പോലീസ് ബാങ്കില്‍ എത്തി ഉടമയെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ശേഖരിച്ചു. ബാഗിന്റെ ഉടമ ബീഹാര്‍ ഗുലാബാദ് പുര്‍ന്യ സ്വദേശി അഞ്ജു ദുഗാര്‍, ഭര്‍ത്താവ് ഷാന്റു ദുഗാര്‍ എന്നിവരാണെന്ന് വ്യക്തമായി. ഇവര്‍ പോലീസ് സ്റ്റേഷനില്‍ എത്തി നാസറിന്റെ കൈയില്‍ നിന്നും ബാഗ് ഏറ്റു വാങ്ങി.
ബാഗില്‍ 26,000 രൂപയും, മൂന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങളും, ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണവും, വെള്ളി ആഭരണവുമാണ് ഉണ്ടായിരുന്നത്. ബാഗ് ഏറ്റുവാങ്ങിയ അഞ്ജു, അബദുല്‍ നാസറിനും, താമരശേരി പോലീസിനും, മലയാളികളുടെ സത്യസന്ധതയ്ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.