തിരുവനന്തപുരം: ബസ് കാത്ത് ബസ് സ്റ്റോപ്പിൽ നിന്ന യുഐടി വിദ്യാർഥിയെ വെഞ്ഞാറമൂട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. പിരപ്പൻകോട് യുഐടി കോളേജ് വിദ്യാർത്ഥിയായി ആദിത്യനാണ് പരാതിക്കാരൻ. എൻഎസ്എസ്ക്യാമ്പിൽ പങ്കെടുത്ത് മടങ്ങിയ ആദിത്യനെ ബസ് സ്റ്റോപ്പിൽ വെച്ച് കണ്ട വെഞ്ഞാറമൂട് എസ്ഐ രാഹുൽ അകാരണമായി സ്റ്റേഷനിൽ പിടിച്ചു കൊണ്ടുപോയി മർദിച്ചതെന്നാണ് ആദിത്യൻ ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നത്.
ഫെബ്രുവരി 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എൻഎസ്എസ് ക്യാമ്പ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാനായി വൈകീട്ട് 4.45ന് തൈക്കാട് ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോൾ പോലീസെത്തി എവിടെപ്പോകുന്നു എന്ന് ചോദിക്കുകയായിരുന്നു. വെഞ്ഞാറമ്മൂട് പോകാനെന്ന് പറഞ്ഞപ്പോൾ ഇവിടെ എന്തിനാണ് ഇരിക്കുന്നത്
എതിർവശത്തെ വെയ്റ്റിംഗ് ഷെഡിൽ ഇരുന്നുകൂടെ എന്ന് പോലീസ് ചോദിക്കുകയായിരുന്നു. അവിടെ ഇരുന്നാൽ ബസ് വരുന്നത് കാണില്ല എന്ന് മറുപടി കൊടുത്തപ്പോൾ തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ചാണ് എസ്ഐ രാഹുലും സംഘവും തന്നെ ജീപ്പിൽ പിടിച്ചു കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി ലോക്കപ്പിൽ അടയ്ക്കുകയും ലോക്കപ്പിനകത്തു നിർത്തി കൈ പുറത്താക്കി വിലങ്ങിട്ട് അതിക്രൂരമായ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്നാണ് ആദിത്യന്റെ പരാതി.
ഇതിൻരെ തെളിവായി എസ്ഐ അസഭ്യം പറയുന്നതും മർദിക്കുന്നതുമായ ഓഡിയോ ക്ലിപ്പും ആശുപത്രി രേഖകളും അടക്കമാണ് ആദിത്യൻ ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും വെഞ്ഞാറമൂട് സിഐയ്ക്കും പരാതി നൽകിയിരിക്കുന്നത്.
ആദിത്യന് മർദ്ദനത്തിൽ ചെവിയുടെ കർണപുടം തകർന്നിരിക്കുകയാണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു ആദിത്യൻ. അതേസമയം, ഇത് വ്യാജ പരാതിയാണെന്നാണ് വെഞ്ഞാറമൂട് എസ്ഐ രാഹുലിന്റെ പ്രതികരണം.
Discussion about this post