പത്തനംതിട്ട: കാറുൾപ്പടെയുള്ള ആർഭാടങ്ങളില്ലാതെയാണ് ഇപ്പോൾ പത്തനംതിട്ട കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഞ്ചാരം. കളക്ട്രേറ്റിന്റെ അക്കൗണ്ടിലാകട്ടെ ഒരു പൈസപോലുമില്ല. രണ്ട് ദിവസം മുൻപ് പോലും വരെ മുറ്റംനിറഞ്ഞ് ചുവപ്പ് ബോർഡ് വെച്ച കാറുകൾ നിറഞ്ഞ കളക്ട്രേറ്റിന് എന്തുപറ്റിയെന്ന് ചിന്തിക്കുകയാണ് നാട്ടുകാർ.
യഥാർഥത്തിൽ കളക്ട്രേറ്റ് ദാരിദ്ര്യത്തിലാവാൻ കാരണം കോടതിയുടെ കണ്ണുരുട്ടലാണ്. കോടതി അമീൻ ജപ്തി ചെയ്യാനുള്ള വാഹനങ്ങൾ തപ്പി രണ്ടു പ്രാവശ്യം കളക്ടറേറ്റ് പരിസരത്തെത്തിയതാണ് എല്ലാത്തിനും പിറകിൽ. ഈ വിവരം ഉന്നതരുടെ ചെവിയിലെത്തിയതോടെ വരവ് കാറുകളുടെ ജപ്തിക്കുതന്നെയെന്ന് പിടികിട്ടി. ഇതോടെ കളക്ട്രേറ്റ് മുറ്റത്തുകിടന്ന കളക്ടർ, എ.ഡി.എം, ഹുസൂർ ശിരസ്‌തേദാർ, ഡെപ്യൂട്ടി കളക്ടർ എൽ.എ, ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻ എന്നിവരുടെ വാഹനങ്ങൾ നിമിഷങ്ങൾകൊണ്ട്
അപ്രത്യക്ഷമായി.
കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ ചില്ലറ ചെലവുകാശ് കിടന്നതാകട്ടെ ഒഴിവാക്കാനായി സബ് ട്രഷറി അക്കൗണ്ടിൽ കിടന്ന മുഴുവൻ പണവും വലിച്ചു. ജപ്തിയിലേക്ക് കാര്യങ്ങൾ നീണ്ടതിന്റെ കാരണമിതാണ്; പത്തനംതിട്ട റിങ് റോഡിനുവേണ്ടി 2008-ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശയുൾപ്പെടെ ഏകദേശം 38 ലക്ഷം രൂപ നൽകാൻ കോടതിവിധിച്ചിരുന്നു,
എന്നാൽ പണം നൽകിയിരുന്നില്ല. ഇതോടെ, കളക്ടറുടേതുൾപ്പെടെ വാഹനങ്ങൾ ജപ്തിചെയ്യാനായിരുന്നു കോടതി ഉത്തരവ്. ജപ്തിയുമായി മുന്നോട്ടെന്ന വിവരം കിട്ടിയതോടെയാണ് കാറുകൾ മാറ്റാനുള്ള ബുദ്ധി ഉദ്യോഗസ്ഥർക്ക് ഉദിച്ചത്.
ജില്ലാ കളക്ടറാകട്ടെ, ഇപ്പോൾ തിരുവല്ല സബ് കളക്ടറുടെ വാഹനത്തിലാണ് യാത്ര. അതാകട്ടെ ഔദ്യോഗിക വാഹനമാണെന്ന ഒരു സൂചനയും ചിഹ്നങ്ങളും ഇല്ലാതെയും. കോടതി വിധിയുടെ വിശദാംശങ്ങൾ സർക്കാരിനെ അറിയിച്ച ജില്ലാ കളക്ടർ പണം കെട്ടിവച്ച് ജപ്തി ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.
ഭൂമിയേറ്റെടുത്തതിനു നഷ്ടപരിഹാരം നൽകേണ്ടതു മരാമത്തുവകുപ്പാണ്. കളക്ട്രേറേറ്റിൽനിന്നു പണം ആവശ്യപ്പെട്ടു പൊതുമരാമത്ത് സെക്രട്ടറിക്കു കത്തയച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. ഏപ്രിൽ 14-ന് മുമ്പ് കേസ് തീർപ്പാക്കണമെന്നാണ് ഹൈക്കോടതി നിർദേശം.