കഴിഞ്ഞദിവസം വാരനാട് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേള കഴിഞ്ഞ് ഗായകൻ വിനീത് ശ്രീനിവാസൻ ഓടി കാറിൽ കയറുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഗാനമേള മോശമായതിനാൽ വിനീതിനെ ഓടിക്കുകയായിരുന്നു എന്ന പ്രചാരണം വരെ ഇതിനിടെ സോഷ്യൽമീഡിയയിൽ നടന്നു.
യഥാർഥത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ വന്നതോടെ വിനീത് പെട്ടെന്ന് തന്നെ കാറിൽ എത്താനായി സ്റ്റേജിൽ നിന്നും അകലെ നിർത്തിയ കാറിലേക്ക് ഓടുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് വിനീത് ശ്രീനിവാസൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വിനീത് ശ്രീനിവാസന്റെ കുറിപ്പ്:
വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല. പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്.
സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്.രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും! ??