തിരുവനന്തപുരം: പലതവണയായി ഭക്ഷണത്തിൽ രാസവസ്തു കലർത്തി കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ സരിത എസ് നായരുടെ രക്ത സാംപിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മുൻ ഡ്രൈവർ വിനുകുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് സോളാർ കേസ് പ്രതി കൂടിയായ സരിതയുടെ പരാതി.
അതേസമയം, കേരളത്തിൽ പരിശോധനയ്ക്കു സൗകര്യമില്ലാത്തതിനാൽ ഡൽഹിയിൽ നാഷനൽ ഫൊറൻസിക് സയൻസ് ലബോറട്ടിയിൽ സാംപിളുകൾ പരിശോധനയ്ക്കായി അയയ്ക്കാനാണ് തീരുമാനം.
സരിത എസ് നായർ ശാരീരികമായി അവശനിലയിലായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുകയാണ്. രാസവസ്തു അകത്ത് ചെന്നതിനെ തുടർന്ന് കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്തു.
സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായെന്നാണ് റിപ്പോർട്ട്. അതേസമയം, പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനുകുമാർ സരിത നൽകിയ പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ വിശദീകരിക്കുന്നത്.
സരിതയ്ക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിൽ രാസപദാർഥങ്ങൾ നൽകി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറയുന്നു. രക്തത്തിൽ അമിത അളവിൽ ആഴ്‌സനിക്, മെർക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു, 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നുണ്ട്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാൽ, ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയിരുന്നില്ല.
2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ച് വിനുകുമാറാണ് രാസവസ്തു കലർത്തിയതെന്നു പിന്നീട് മനസ്സിലായിയെന്നും സരിത പറഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനുകുമാറിന്റെ വീട്ടിലും പരിശോധന നടത്തി. ചികിത്സിക്കുന്ന ഡോക്ടർമാരിൽനിന്നും വിവരം ശേഖരിച്ചു.