സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ തകരാറിലായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും നേരെയാക്കി സമൂഹത്തിന് മാതൃകയായി ടെക്നിക്കല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍. ‘കൂടെയുണ്ട് ഞങ്ങളും’ എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ ഇരുപതോളം കുട്ടികളും പത്ത് അധ്യാപകരും ചേര്‍ന്നാണ് ഉപകരണങ്ങള്‍ ശരിയാക്കി ആശുപത്രിയിലെത്തുന്ന നിര്‍ധന രോഗികള്‍ക്ക് കൈത്താങ്ങായി മാറിയത്.
രോഗികള്‍ക്കായുള്ള സ്ട്രെച്ചര്‍, ചക്രകേസര, കട്ടില്, എണ്ണപ്പാത്തി തുടങ്ങി കെട്ടിടത്തിലെ കേടുവന്നു കിടന്ന വയറിങ് വരെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് നേരെയാക്കി നല്കി. തങ്ങളുടെ ആശയത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ ആശുപത്രി അധികൃതര്‍ക്ക് പൂര്‍ണ സമ്മതമായിരുന്നുവെന്ന് സ്കൂള്‍ മേധാവി അബ്ദുല്‍ ഷെരീഫ് പറഞ്ഞു.
കാലൊടിഞ്ഞ കട്ടിലുകളും സ്ട്രച്ചറുമൊക്കെ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ കുട്ടികള്‍ തന്നെ വെല്‍ഡ് ചെയ്ത് നന്നാക്കി. തുരുമ്പെടുത്ത് മൂലക്ക് കൂട്ടിയിരുന്ന നിരവധി കസേരകള്‍ പേയ്ന്റടിച്ച് പുത്തന്‍ പോലെയാക്കി. കെട്ടിടത്തിന്റെ പലയിടത്തും തകരാറിലായിരുന്ന വയറിങ്ങ് അഴിച്ച് പരിഹരിച്ചതിന് ശേഷം ഫിറ്റ് ചെയ്തു.
വെല്‍ഡിങ്, വയറിങ്ങ്, പെയിന്റിങ് എന്നിവക്കാവശ്യമായ ഉപകരണങ്ങളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്. പരിചയസമ്പന്നരായ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തു. സ്കൂളില്‍ പഠിക്കുന്ന കാര്യങ്ങള്‍ പ്രായോഗികമാക്കാന്‍ ലഭിച്ച അവസം കുട്ടികള്‍ നന്നായി ഉപയോഗിക്കുകയായിരുന്നു.
തങ്ങള്‍ക്ക് ഇത് വേറിട്ട അനുഭവമായിരുന്നുവെന്നും നിരവധി നിര്‍ധന രോഗികള്‍ എത്തുന്ന ആശുപത്രിയിലെ ഉപകരണങ്ങള്‍ തന്നെ ഇത്തരത്തില്‍ കേടുപാട് തീര്‍ത്ത് നല്കാന് കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്നും കുട്ടികള്‍ പ്രതികരിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി ആകെ 300 വിദ്യാര്‍ത്ഥികളാണ് ബത്തേരി ഗവണ്മെന്റ് ടെക്നിക് സ്കൂളില്‍ പഠിക്കുന്നത്.
Discussion about this post