കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍

ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് വരാത്തതിനാല്‍ കൂടെയുള്ളവര്‍ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

dead-body

തിരുവനന്തപുരം: കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടുതുറ കോണ്‍വെന്റിലാണ് സംഭവം. തമിഴ്‌നാട് തിരുപൂര്‍ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. കോണ്‍വെന്റിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

ഇന്ന് രാവിലെ പ്രാര്‍ത്ഥനയ്ക്ക് വരാത്തതിനാല്‍ കൂടെയുള്ളവര്‍ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയതായി കഠിനംകുളം പോലിസ് അറിയിച്ചു. അന്നപൂരണി എഴുതിയതെന്ന് കരുതുന്ന കുറിപ്പാണ് മുറിയില്‍ നിന്ന് കണ്ടെത്തിയത്.

മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോണ്‍വന്റ് അധികൃതര്‍ പോലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിത്. മഹാരാഷ്ട്രയിലെ വൈദിക സേവനം കഴിഞ്ഞ് ഒരു മാസം മുന്‍പാണ് അന്നപൂരണി കോണ്‍വന്റില്‍ തിരിച്ചെത്തിയത്.

അന്നപൂരണിയുടെ മരണ വിവരം തിരുപ്പൂരിലെ ബന്ധുക്കളെ അറിയിച്ചു. തങ്ങളെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന് ബന്ധുക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ബന്ധുക്കളെത്തുന്നതിനായി പോലീസ് കാത്തിരിക്കുകയാണ്. ബന്ധുക്കളെത്തിയ ശേഷമേ ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് കടക്കൂവെന്നും അറിയിച്ചിട്ടുണ്ട്.

Exit mobile version