കോഴിക്കോട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പന്തീര്‍പാടം മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍(32) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

accused

കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ വച്ച് അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ പ്രതി ഒടുവില്‍ പിടിയില്‍. പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ് കുമാറിനെ (38) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ സുദര്‍ശനും സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് സേലത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്.

കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പന്തീര്‍പാടം മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍(32) എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. 2021 ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം.

ചേവായൂരിലെ വീട്ടില്‍ നിന്നും രക്ഷിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വെച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കള്‍ കയറ്റി കൊണ്ടുപോയി കോട്ടാപറമ്പയിലുള്ള ബസ് ഷെഡില്‍ നിര്‍ത്തിയിട്ട ബസില്‍ വെച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇതിന് ശേഷം സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീര്‍ പത്താം മൈലിലുള്ള വീട്ടില്‍ നിന്നും ഓട്ടോ വിളിച്ച് കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു. തുടര്‍ന്ന് ഗോപിഷ് മുണ്ടിക്കല്‍ താഴത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം പാര്‍സല്‍ വാങ്ങി യുവതിക്ക് കൊടുക്കകയും പിന്നീട് ഗോപിഷും ഷമീറും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാന്റിനടുത്ത് ഇരുട്ടിന്റെ മറവില്‍ ഇറക്കി വിടുകയുമായിരുന്നു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചതില്‍ നിന്നാണ് യുവതി ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലിസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. കോഴിക്കോട് സിറ്റിയില്‍ ആദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. യുവതിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് കേസില്‍ വഴിത്തിരിവായത്.

ഇതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പ്രാരംഭ അന്വേഷണത്തില്‍ ബസ് ഉടമയേയും തൊഴിലാളികളെയും പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും പ്രതികളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എസിപി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

സിസിടിവി ദൃശ്യങ്ങളില്‍ പ്രതികളുടെ ഏകദേശ രൂപം ലഭിക്കുകയും ഇവരെ കേന്ദ്രീകരിച്ചുള്ള രഹസ്യ അന്വേഷണത്തില്‍ പ്രതികള്‍ പോലിസ് പിടിയിലാവുകയുമായിരുന്നു. എന്നാല്‍ ഇന്ത്യേഷ് ഇതിനിടയില്‍ നാടുവിട്ടിരുന്നു. യുവതി സംഭവസ്ഥലത്ത് വെച്ച് തൂങ്ങി മരിച്ചെന്ന് ഗോപീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യേഷ് നാടുവിട്ടത്.

പിന്നീട് പഴനി, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളില്‍ വേഷം മാറി താമസിച്ചെങ്കിലും അവിടെയെല്ലാം പോലീസ് എത്തിയപ്പോള്‍ ഇയാള്‍ വെട്ടിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് വാരാണസിയിലേക്ക് കള്ളവണ്ടി കയറി അവിടുത്തെ സന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു.

ഇയാള്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെയെല്ലാം പോലീസ് രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. പോലീസ് അന്വേഷണം ഒഴിവാക്കിയെന്ന് കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളക്ക് ശേഷം നാട്ടിലെ ഒരാളെ ബന്ധപ്പെട്ട് വീട്ടുകാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഇതിനൊപ്പം നാട്ടില്‍ വന്ന് അമ്മയേയും സഹോദരങ്ങളെയും കണ്ട് വരാണസിക്ക് തന്നെ മടങ്ങാനും തീരുമാനിച്ച വിവരം മനസിലാക്കിയ പോലീസ് അതിവേഗം നീങ്ങി.

ഇയാള്‍ വരുന്നതറിഞ്ഞ് പോലീസ് സേലം ഭാഗത്തേക്ക് ട്രെയിന്‍ കയറുകയും ഇയാള്‍ വരുന്ന ട്രെയിന്‍ മനസ്സിലാക്കി അതില്‍ കയറി തിരഞ്ഞ് കണ്ടു പിടിച്ച് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എസിപി കെ സുദര്‍ശന്‍, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, സിവില്‍ പോലീസ് ഓഫീസര്‍ എ കെ അര്‍ജ്ജുന്‍, സുമേഷ് ആറോളി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Exit mobile version