800 യുവതീ-യുവാക്കള്‍ക്ക് സ്വപ്‌ന വിവാഹം: നിര്‍ധനര്‍ക്ക് പുതുജീവിതം സമ്മാനിച്ച് മാതൃകയായി പാടന്തറ മര്‍കസ്

കോഴിക്കോട്: കടുത്ത സാമ്പത്തിക പരാധീനതകള്‍ മൂലം വിവാഹമെന്നത് സ്വപ്‌നം മാത്രമായവര്‍ക്ക് പുതുജീവിതം സമ്മാനിച്ച് പാടന്തറ മര്‍കസ്. കടുത്ത സാമ്പത്തിക പരാധീനതകള്‍ മൂലം വിവാഹിതരാവാന്‍ കഴിയാതിരുന്ന 800 പേര്‍ ഇത്തവണ വിവാഹിതരവാവുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാടന്തറ മര്‍കസ് വര്‍ഷത്തില്‍ നടത്തുന്ന സമൂഹ വിവാഹ പരിപാടി ഞായറാഴ്ച നടക്കും. ഗുരുതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്നാട് നീലഗിരി ജില്ലയിലെ പാടന്തറ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അര്‍ഹരായ എണ്ണൂറ് പേരാണ് വിവാഹത്തിനൊരുങ്ങുന്നത്.

ചടങ്ങിനോടനുബന്ധിച്ച് മുസ്ലിം ഇതര മതസ്ഥരായ 50ഓളം പേരും വിവാഹിതരാവും. ഇവര്‍ ആചാരപ്രകാരം പാടന്തറയിലെ ക്ഷേത്രങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ കര്‍മങ്ങള്‍ നിര്‍വഹിച്ച ശേഷം വേദിയിലേക്കെത്തും.

പുതിയ ജീവിതാരംഭത്തിന് താങ്ങാകാനുള്ള സമ്മാനമായി മുന്‍ വര്‍ഷങ്ങളില്‍ അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും 25,000 രൂപയുമാണ് ദമ്പതികള്‍ക്ക് നല്‍കിയിരുന്നത്. ഈ വര്‍ഷവും മോശമല്ലാത്ത സമ്മാനങ്ങള്‍ നല്‍കണമെന്നാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വിശാലമായ പന്തല്‍ സൗകര്യവും ഭക്ഷണവും സംഘാടകര്‍ ഒരുക്കാറുണ്ട്. 2014ലാണ് പാടന്തറ മര്‍കസ് സമൂഹ വിവാഹം എന്ന ദൗത്യത്തിലേക്ക് കടന്നത്.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഫേസ്ബുക്ക് പോസ്റ്റ്:

സമാനതകളില്ലാത്ത വലിയ സാമൂഹ്യ സേവനമാണ് നീലഗിരി ജില്ലയിലെ പാടന്തറ മര്‍കസിലെ സമൂഹ വിവാഹം. പലവിധ പരാധീനതകളാല്‍ വിവാഹജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാത്ത അനേകമാളുകള്‍ക്കാണ് ഈ ഉദ്യമം തുണയാവുന്നത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മലയോര ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് പല സന്തോഷങ്ങളും ഇന്നും വെറും സ്വപ്നങ്ങള്‍ മാത്രമാണ്. ആ ജീവിത യാഥാര്‍ത്ഥ്യം നേരിട്ട് കണ്ടും അറിഞ്ഞുമുള്ള അനുഭവങ്ങളില്‍ നിന്നാണ് നീലഗിരി ജില്ലാ സുന്നി യുവജന സംഘത്തിന്റെയും പാടന്തറ മര്‍കസിന്റെയും ആഭിമുഖ്യത്തില്‍ യുവതീയുവാക്കളുടെ വിവാഹ സ്വപ്ന സാക്ഷത്കാരങ്ങള്‍ക്ക് ശ്രമങ്ങളുണ്ടാവുന്നത്. ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തില്‍ 2014 മുതല്‍ ആരംഭിച്ച സമൂഹവിവാഹത്തിലൂടെ ഇതുവരെ 1120 വധൂവരന്മാരാണ് ഒരുമിച്ചിരുന്ന് സ്വപ്നങ്ങള്‍ നെയ്തുതുടങ്ങിയത്.

വിവാഹമെന്നത് അനേകം മാറ്റങ്ങള്‍ക്ക് നിദാനമാവുന്ന നല്ലൊരു മുഹൂര്‍ത്തമാണ്. ഒരുപാട് ആധികള്‍ക്കും നോവുകള്‍ക്കുമുള്ള മറുമരുന്നും. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ തുടക്കവുമാണത്. വ്യക്തിപരമായും സാമൂഹികപരമായും ഏറെ സന്തോഷവും പ്രസക്തിയുമുള്ള ഈ മംഗളകര്‍മത്തിന് തുണയാവുക എന്നത് എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ്. അങ്ങേയറ്റം പ്രതിഫലാര്‍ഹവും.

ഇരുള്‍നിറഞ്ഞ ജീവിതസാഹചര്യമുള്ള, നിത്യചിലവുകള്‍ക്ക് പോലും കഷ്ടപ്പെടുന്ന കുടുംബങ്ങളിലെ 800 വധൂവരന്മാരാണ് ഫെബ്രുവരി 26 ഞായറാഴ്ച പാടന്തറ മര്‍കസിലെ വിവാഹപ്പന്തലില്‍ ഒന്നിക്കുന്നത്. അവരുടെ പുതിയ ജീവിതത്തിലേക്ക് വഴിയും വെളിച്ചവുമാവാന്‍ നമ്മുടെ കരുതലും കാരുണ്യവും അനിവാര്യമാണ്. ഒരു നാടാകെ ഒന്നിക്കുന്ന ഈ മഹാ സംഗമത്തിലേക്ക് നാം നമ്മുടെ പങ്ക് നല്‍കേണ്ടതുണ്ട്. അനേകം മനുഷ്യരുടെ സന്തോഷത്തിന്റെ, സാഫല്യത്തിന്റെ നിമിഷങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും നമുക്കും ഭാഗമാകാം.

Exit mobile version