പാലക്കാട്: കഴിഞ്ഞദിവസം പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭരണ സമിതി. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും വിരണ്ടോടിയത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ അല്ലെന്നും മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നെന്നും വിശദീകരിച്ചിരിക്കുകയാണ്.
പിറകിൽ നിന്നിരുന്ന ആന ചിന്നം വിളിച്ചതിൽ പ്രകോപിതനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ഓടിയതെന്നായിരുന്നു പറയുന്നത്. പാപ്പാന് പുറമെ, പാടൂർ തെക്കേകളം രാധിക, അനന്യ എന്നിവർക്കും പരിക്കേറ്റിരുന്നു.
ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പാപ്പാൻ രാമനെ വിട്ടയച്ചു. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ.
ഇപ്പോൾ നടക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനയെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവ്വമായ ശ്രമമാണെന്നും അതിന്റെ ഭാഗമാണ് വാർത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു.
പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞ് ഏറെ നേരം പരിഭ്രാന്തി പരത്തിയെന്നായിരുന്നു വാർത്ത വന്നത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. എഴുന്നള്ളത്തിന് ആനപ്പന്തലിൽ അണിനിരന്നതിനു ശേഷമായിരുന്നു സംഭവം. ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും പാപ്പാന്മാരും ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി.
Discussion about this post