തിരുവനന്തപുരം: മംഗലപുരമെന്ന നാടിന് നോവായി ആതിരയുടെ മരണം. ലണ്ടനിൽ കാറിടിച്ച് മരണമടഞ്ഞ ആതിരയുടെ (25) വിയോഗ വാർത്ത അറിഞ്ഞതോടെ തളർന്നു പോയിരിക്കുകയാണ്. ഇന്നലെയാണ് ലണ്ടനിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മംഗലപുരം സ്വദേശിയായ ആതിര മരിച്ചത്.
ആതിര മെച്ചപ്പെട്ട ജോലിക്ക് വേണ്ടിയാണ് ഉപരിപഠനത്തിനായി രണ്ടു മാസം മുൻപ് ഒരു വയസും രണ്ടുമാസവും മാത്രം പ്രായമുള്ള യാമിനിയെ അമ്മയുടെ കൈകളിൽ ഏൽപ്പിച്ച് ലണ്ടനിലേക്ക് തിരിച്ചത്. ഇവരുടെ ബന്ധുക്കൾ ലണ്ടനിലുണ്ട്.
ഭർത്താവ് രാഹുൽ മസ്‌കറ്റിൽ ജോലി ചെയ്യുകയാണ്. ഭർതൃ സഹോദരിയും ലണ്ടനിലാണ്. കൂടാതെ ബന്ധുക്കളും അവിടെയുള്ള ആശ്വാസത്തിലാണ് ആതിര കോഴ്‌സ് ചെയ്യാനായി ലണ്ടനിലേക്ക് തിരിച്ചത്. പുതുജീവിതം തേടിപ്പോയ ആതിര പക്ഷെ രണ്ടുമാസങ്ങൾക്കിപ്പുറം ചേതനയറ്റ് നാട്ടിലേക്ക് തിരിച്ചുവരുന്നതിന്റെ നോവിലാണ് ബന്ധുക്കളും നാട്ടുകാരും.
തിങ്കളാഴ്ചയോടെ മൃതദേഹം ലണ്ടനിൽ നിന്നു മംഗലപുരത്തെ വീട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം. ആതിരയുടെ അച്ഛൻ അനിൽകുമാർ മുൻപ് ഗൾഫിലായിരുന്നു. പിന്നെ നാട്ടിൽ വന്ന് ഒരു സ്ഥാപനത്തിൽ ജോലിയ്ക്ക് പോവുകയാണ്. അമ്മ ലാലി വീട്ടമ്മയാണ്. ഒരു സഹോദരനുമുണ്ട്.
അതേസമയം, ആതിരയുടെ മരണമരണമറിഞ്ഞതോടെ മാതാപിതാക്കൾ തളർന്നിരിക്കുകയാണ്. രണ്ടു മാസം മുൻപ് മാത്രം പോയ മകൾ ഇനി തിരികെ വരില്ലെന്നത് ഇവർക്ക് തീരാവേദനയാണ് സമ്മാനിക്കുന്നത്. ഒരു വയസുകാരി യാമിനിയെ കാണുമ്പോൾ നോവ് ഇരട്ടിക്കുകയാണ് ഇവർക്ക്. ആതിര ലണ്ടനിൽ പോയതോടെ അമ്മയാണ് യാമിനിയെ പരിപാലിച്ചിരുന്നത്.
ആതിരയുടെ മരണം അറിഞ്ഞു ഭർത്താവായ രാഹുൽ മസ്‌ക്കറ്റിൽ നിന്നും വീട്ടിലെത്തിയിട്ടുണ്ട്. നാല് വർഷം മുൻപായിരുന്നു ചിറയിൻകീഴ് സ്വദേശി രാഹുലുമായുള്ള ആതിരയുടെ വിവാഹം.
കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയാണ് ലണ്ടനിൽ കാറിടിച്ച് പരിക്കേറ്റ് ആതിര മരിച്ചത്. ആതിര ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കു നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ആതിര മരിച്ചു. ഒരു ഫിലിപ്പിയൻ യുവതിയാണ് കാറോടിച്ചത് എന്നാണ് ലഭിച്ചവിവരം.