അവര്‍ നല്ല കൂട്ടുകാരാണ്….! കാളിദാസന്‍ പുറത്ത് കയറിയിരുന്നാല്‍ മതി അഭ്യമന്യു കൃത്യമായി എത്തിക്കും; നാട്ടിലെതാരമായി കുതിരപ്പുറത്ത് സൂക്കൂളില്‍പോകുന്ന രണ്ടാം ക്ലാസ്സുകാരന്‍

സ്മാര്‍ട്ട് ഫോണില്‍ കാര്‍ട്ടൂണ്‍, അനിമേഷന്‍ വീഡിയോകള്‍ കണ്ടാണ് കാളിദാസിന് കുതിരയോട് പ്രിയമേറിയത്

തിരുവനന്തപുരം: കാളിദാസന്‍ പുറത്ത് കയറിയിരുന്നാല്‍ മതി അഭ്യമന്യു കൃത്യമായി സ്‌ക്കൂളില്‍ എത്തിക്കും. ഇന്ധനവില കുതിച്ചുയരുന്ന ഇക്കാലത്ത് കുതിരപ്പുറത്ത് സൂക്കൂളില്‍പോകുന്ന രണ്ടാം ക്ലാസ്സുകാരന്‍ നാട്ടിലെ താരമാകുകയാണ്. പാറശാല ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പാറശ്ശാല തലച്ചാണ്‍വിള പ്രായരക്കല്‍ വീട്ടില്‍ രതീഷ്-രമ്യ ദമ്പതികളുടെ മൂത്ത മകന്‍ കാളിദാസ് ആര്‍ എന്ന ഏഴു വയസുകാരനുമാണ് പിറന്നാള്‍ സമ്മാനമായി ലഭിച്ച കുതിരയുടെ പുറത്തുകേറി സ്‌ക്കൂളില്‍ പോകുന്നത്.

രണ്ടുവര്‍ഷം മുമ്പാണ് കാളിദാസിന് അഭിമന്യു എന്ന കുതിരയെ പിറന്നാള്‍ സമ്മാനമായി ലഭിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ കാര്‍ട്ടൂണ്‍, അനിമേഷന്‍ വീഡിയോകള്‍ കണ്ടാണ് കാളിദാസിന് കുതിരയോട് പ്രിയമേറിയത്. തുടര്‍ന്ന് തനിക്കും ഒരു കുതിരയെ വാങ്ങി തരുമോയെന്ന് കാളിദാസ് അച്ഛനോട് ചോദിച്ചു.

മകന്റെ ആഗ്രഹം കേട്ട് രതീഷ് ആദ്യം ഒന്ന് അമ്പരന്നെങ്കിലും കുതിര പ്രേമിയായ രതീഷ് കാളിദാസിന് പിറന്നാള്‍ സമ്മാനമായി കുതിരയെ വാങ്ങി നല്‍കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് രണ്ടു വയസ്സ് പ്രായം ഉണ്ടായിരുന്ന കുതിരയെ രതീഷ് വാങ്ങുന്നത്. വാങ്ങുന്ന സമയം കുതിരക്ക് ഹിന്ദി മാത്രമായിരുന്നു വശം.

കാളിദാസന് ഹിന്ദി അറിയാത്തതിനാല്‍ കുതിരയെ നിയന്ത്രിക്കാന്‍ ആവശ്യമായ ഹിന്ദി വാക്കുകള്‍ പഠിച്ചാണ് കൊച്ചുമിടുക്കന്‍ അഭിമന്യുവുമായി ഇണങ്ങിയത്. രണ്ട് വര്‍ഷം കൊണ്ട് കുതിരയെ മലയാളത്തിലുള്ള ആജ്ഞകള്‍ ഇവര്‍ പഠിപ്പിച്ചെടുത്തു. പിന്നീട് പിതാവ് രതീഷ് തന്നെയാണ് കാളിദാസിനെ കുതിര സവാരി പഠിപ്പിച്ചത്.

അവധി ദിവസങ്ങളിലും പറ്റുന്ന മറ്റ് ദിവസങ്ങളിലും രാവിലെ വീടിന് സമീപത്തെ ഗ്രൗണ്ടില്‍ കാളിദാസിന് കുതിര സവാരിയില്‍ പിതാവ് രതീഷ് പരിശീലനം നല്‍കും. കാളിദാസിന് ആഗ്രഹമുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ അഭിമന്യുവിന്റെ പുറത്ത് കേറിയാണ് പോകുന്നത്. കാളിദാസ് സ്‌കൂളിലെത്തിയ ശേഷം തിരികെ അഭിമന്യുവിനെ രതീഷ് വീട്ടിലേക്ക് കൊണ്ടുവരണം.

ഇപ്പോള്‍ നാലു വയസ്സ് പ്രായമുള്ള അഭിമന്യുവിന് 62 ഇഞ്ച് പൊക്കം ഉണ്ട്. അഭിമന്യുവിന് പുറമേ വീട്ടില്‍ ശിവ, പാറു എന്ന് പേരുള്ള മറ്റ് രണ്ടു കുതിരകള്‍ കൂടി രതീഷിന്റെ വീട്ടില്‍ ഉണ്ട്. സ്‌പെയര്‍പാര്‍ട്‌സ് കട നടത്തുന്ന രതീഷ് മകന് പുറമേ മറ്റുള്ളവര്‍ക്കും കുതിര സവാരി പഠിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

Exit mobile version