കോട്ടയം: മണിമലയിൽ വീടിനു തീപിടിച്ചുണ്ടായ അപകടത്തിൽ കുടുംബ്തിന് കണ്ണീര് തോരുന്നില്ല. വീട്ടിലെ മുതിർന്ന അംഗത്തിന്റെ മരണത്തിനൊപ്പം എട്ടുമാസം മുൻപ് മാത്രം പണി തീർത്ത വീട് നാമാവശേഷമായതും ഇവർക്ക് നീറ്റലാവുകയാണ്. മണിമല ടൗണിൽ ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ പാറവിളയിൽ സെൽവരാജും ഭാര്യയും മകനും മരുമകളും പേരമക്കളുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
തീപിടുത്തത്തിൽ ഉണ്ടായ വിഷപ്പുക ശ്വസിച്ച് 70- കാരിയായ രാജവും ഭർത്താവായ 76- കാരൻ സെൽവരാജുമാണ് ഗുരുതരാവസ്ഥയിലായത്. രാജം ആശുപത്രിയിൽ എത്തും മുൻപ് തന്നെ മരണത്തിന് കീഴടങ്ങി. ഭർത്താവ് സെൽവരാജ് ബോധരഹിതനായി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീടിന്റെ താഴത്തെ നിലയിലായിരുന്നു വയോധിക ദമ്പതികളുണ്ടായിരുന്നത്. ഇവരുടെ മകൻ വിനീഷും ഭാര്യ ലോഹ്യയും രണ്ടുമക്കളും വീടിന്റെ രണ്ടാം നിലയിലായിരുന്നു. ഇവിടെ നിന്ന് താഴേക്ക് ചാടിയാണ് വിനീഷും ഭാര്യയും രണ്ടു മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടത്.
മണിമല ടൗണിൽ ഹോളി മാഗി ഫൊറോന പള്ളിക്കു സമീപത്തെ പാറവിളയിൽ വീട്ടിൽ ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിൽ നിന്ന് തീ മുകളിലേക്ക് പടർന്നു. ഈ സമയം 70- കാരിയായ രാജവും ഭർത്താവായ 76- കാരൻ സെൽവരാജും താഴത്തെ നിലയിലുണ്ടായിരുന്നു. മകൻ വിനീഷും ഭാര്യ ലോഹ്യയും പത്തും ഒമ്പതും വയസുള്ള മക്കളും മുകൾ നിലയിലായിരുന്നു.
വീട്ടിൽ നിന്നും പതിനൊന്ന് മണിയോടെ തീയും പുകയും ഉയർന്നതോടെ വിനീഷ് മാതാപിതാക്കളെ രക്ഷിക്കാൻ രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ കാലിന്റെ എല്ലു പൊട്ടിയ വിനീഷിന്റെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വീടിന്റെ വാതിൽ തകർത്ത് രാജത്തെയും സെൽവരാജിനെയും പുറത്തിറക്കുകയായിരുന്നു.
എന്നാൽ, രോഗിയായിരുന്ന രാജം ചൂടും പുകയുമേറ്റ് അപ്പോഴേക്കും മരിച്ചിരുന്നു. നാട്ടുകാർ ചേർന്ന് വീടിനു താഴെ നിന്ന ശേഷം വിനീഷിന്റെ ഭാര്യയെയും മക്കളെയും മുകൾ നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിച്ച് രക്ഷപ്പെടുത്തി.
വീട്ടിലേക്കുള്ള ഇടുങ്ങിയ വഴി രക്ഷാ ദൗത്യം ദുഷ്‌കരമാക്കി. ഫയർഫോഴ്‌സ് വാഹനത്തിന് വീടിനടുത്തേക്ക് കയറാൻ കഴിയാതിരുന്നതും സംഗതി ഗുരുതരമാക്കി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പോലീസ് പ്രാഥമിക നിഗമനം. സ്ഥിരീകരണത്തിനായുള്ള ശാസ്ത്രീയ പരിശോധനകൾ തുടരുകയാണ്.