മൂന്നാർ: യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉക്രൈനിൽ നിന്നും നാട്ടിലേക്ക് എത്തിയപ്പോൾ ജീവൻ പോലെ ആര്യ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു സൈറയെന്ന നായ്ക്കുട്ടിയെ. എന്നാലിപ്പോഴിതാ ഒരു വർഷത്തിനുശേഷം പഠനം തുടരാനായി ആര്യ മടങ്ങുമ്പോൾ സൈറയെ കൂടെക്കൂട്ടാൻ അനുമതി ലഭിച്ചിട്ടില്ല.
ജർമനിയിലേക്കാണ് ആര്യ ഒരു വർഷത്തെ പഠനത്തിനായി പോകുന്നത്. എന്നാൽ, ‘സൈറ’യെ കൊണ്ടുപോകാൻ അനുമതി ലഭിച്ചില്ലെന്ന വിഷമത്തിലാണ് ആര്യ. ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ ആൽഡ്രിൻ – കൊച്ചുറാണി ദമ്പതികളുടെ മകളാണ് ആര്യ. കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു.
യുക്രെയ്‌നിൽ യുദ്ധം ശക്തമായതിനെ തുടർന്ന് 2022 ഫെബ്രുവരി 24ന് ആണ് മൂന്നാർ സ്വദേശി ആര്യ നാട്ടിലേക്ക് തിരിച്ചത്. കൂടെ, അവിടെ നിന്നും കൂട്ടിയ സൈബീരിയൻ ഹസ്‌കി ഇനത്തിൽപെട്ട തന്റെ പ്രിയപ്പെട്ട വളർത്തോമന നായ്ക്കുട്ടിയും ഉണ്ടായിരുന്നു. സൈറയെന്ന ഈ വളർത്തുനായയെ ഉപേക്ഷിക്കാനാകില്ലെന്ന് അധികൃതരെ അറിയിച്ചതോടെയാണ് ആര്യയ്ക്ക് സൈറയെ കൂടെ കൂട്ടാനുള്ള അനുമതി ലഭിച്ചത്.
ഏറെ കഷ്ടപ്പെട്ടതിന് ശേഷം, ഇന്ത്യൻ എംബസിയുടെ പ്രത്യേക അനുമതിയോടെയാണു കഴിഞ്ഞ മാർച്ച് 5ന് ആര്യയോടൊപ്പം സൈറയുമെത്തിയത്. നാട്ടിൽ മടങ്ങിയെത്തിയ ശേഷം ഓൺലൈൻ ക്ലാസുകൾ തുടർന്നതിനാൽ പഠനം തടസ്സപ്പെട്ടില്ല. ഇതിനിടെയാണ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റി അധികൃതർ കുട്ടികളെ ഒരു വർഷത്തെ ഉപരിപഠനത്തിനായി ജർമനിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.
ഇതോടെ ആര്യയ്ക്കും തിരികെ പോകേണ്ടതുണ്ട്. സൈറ നാട്ടിലെ കാലാവസ്ഥയുമായി ഇണങ്ങാൻ കുറച്ചു സമയമെടുത്തെങ്കിലും ഇപ്പോൾ നാടുമായി നല്ലവണ്ണം ഇണങ്ങിയതായി ആര്യ പറയുന്നു. നാടൻ ഭക്ഷണങ്ങൾ സാധാരണ പോലെ കഴിക്കുന്നതായും ആര്യ പറയുന്നുണ്ട്.