ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആരോഗ്യം മോശമായി: ആംബുലന്‍സിനുള്ളില്‍ പ്രസവ സൗകര്യമൊരുക്കി ജീവനക്കാര്‍; യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. കോഴിക്കോട് കൊണ്ടട മീത്തല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ 27കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.

യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.

ആംബുലന്‍സ് പൈലറ്റ് വിഷ്ണു ആര്‍വി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ജീന ഷെബിന്‍ എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി കോഴിക്കോട് ഐഎംസിഎച്ചിലേക്ക് തിരിച്ചു.

യാത്രാമധ്യേ യുവതിയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ജീന ഷെബിന്റെ പരിചരണത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി ഇരുവരെയും കോഴിക്കോട് ഐ എംസിഎച്ചിലേക്ക് എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. യുവതിയുടെ മൂന്നാമത്തെ പ്രസവമായിരുന്നു.

അതേസമയം, ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതി പ്രസവിച്ച വാര്‍ത്ത പേരൂര്‍ക്കടയില്‍ നിന്നെത്തിയിരുന്നു. കല്ലയം പ്ലാവിള സ്വദേശിനിയായ 26 കാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.

ആംബുലന്‍സ് പൈലറ്റ് അനീഷ് എസ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിജയപ്രസസ് എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി. എന്നാല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിജയപ്രസാദിന്റെ പരിശോധനയില്‍ പ്രസവം നടക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതം അല്ലെന്ന് മനസ്സിലാക്കി ആംബുലന്‍സിനുള്ളില്‍ ഇതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. രാവിലെ 4.10ന് വിജയപ്രസാദിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

Exit mobile version