മലപ്പുറം: കൂലിപ്പണിക്ക് പോയി സ്വരുക്കൂട്ടി വാങ്ങിയ ആകെയുള്ള സമ്പാദ്യമായ മാല കള്ളന്‍കൊണ്ടുപോയപ്പോള്‍ പകരം പുതിയ സ്വര്‍ണ്ണമാല നല്‍കി ജ്വല്ലറി ഉടമയുടെ നന്മ. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ തിരൂരിലെ ഫൈസല്‍ ജ്വല്ലറി ഉടമയാണ്ച ക്കിക്ക് പുതിയ മാല നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് തിരൂര്‍ വൈരങ്കോട് ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന വയോധികയായ ചക്കിയുടെ സ്വര്‍ണമാല ബസില്‍നിന്ന് ആരോ കവര്‍ന്നത്. ബസ്, യാത്രക്കാരുമായി പോലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല.
സഹോദരികളായ നീലി, കാളി എന്നിവരോടൊപ്പം തിരൂരിലേക്ക് വരുന്നതിനിടെയാണ് ചക്കിയുടെ കഴുത്തില്‍ നിന്ന് മാല നഷ്ടമായത്. കൂലിപ്പണിക്ക് പോയി സ്വരുക്കൂട്ടിയ പണമുപയോഗിച്ച് വാങ്ങിയ രണ്ട് പവനോളം തൂക്കംവരുന്ന മാലയാണ് ചക്കിക്ക് നഷ്ടമായത്.
ആകെയുള്ള തന്റെ സമ്പാദ്യമായ മാല നഷ്ടപ്പെട്ട ചക്കിക്ക് സങ്കടം അടക്കാനാവാതെ കരച്ചിലായി. തുടര്‍ന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ജ്വല്ലറി ഉടമ ചക്കിക്ക് രണ്ട് പവന്റെ പുതിയ സ്വര്‍ണ മാല നല്‍കുകയായിരുന്നു. വൈരങ്കോട് ഉത്സവമായതിനാല്‍ ബസിലെ തിരക്ക് മുതലെടുത്താണ് കവര്‍ച്ച നടത്തിയതെന്നാണ് കരുതുന്നത്.