മോനിപ്പള്ളി: വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ പഴ്‌സില്‍ റിയാലും വിലപ്പെട്ട രേഖകളും. ആഴ്ചകളുടെ തിരച്ചിലിനൊടുവില്‍ ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി ഷിജി ജോസ് (48). മോനിപ്പള്ളി താന്നിമൂട്ടില്‍ സ്റ്റോഴ്‌സിന്റെ ഉടമയാണ് ഷിജി. ചങ്ങനാശ്ശേരി ഫാത്തിമപുരം പടിഞ്ഞാറേമറ്റത്തില്‍ നസീമ റഷീദിനാണ് നഷടപ്പെട്ടെന്ന് കരുതിയതെല്ലാം തിരിച്ചുകിട്ടിയത്.
രണ്ടാഴ്ച മുമ്പാണ് എം.സി. റോഡരികിലെ കടയ്ക്ക് മുന്നില്‍നിന്ന് ഷിജിക്ക് പഴ്‌സ് ലഭിച്ചത്. ഇതിന് തൊട്ടുമുമ്പ് അപരിചിതനായ ഒരാള്‍ കടയിലും എത്തിയിരുന്നു. പഴ്‌സ് തുറന്ന് പരിശോധിച്ചപ്പോള്‍ 1100 റിയാല്‍, 500 രൂപ, ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കിട്ടി. ആദ്യദിനം ഉടമ അന്വേഷിച്ചുവരുന്നതും പ്രതീക്ഷിച്ച് കാത്തിരുന്നു.
വിലാസം സമൂഹമാധ്യമങ്ങളിലും തിരഞ്ഞു. പ്രയോജനം ഉണ്ടായില്ല. ചങ്ങനാശ്ശേരിയിലെ ബന്ധുവിനെ ഫോട്ടോ കാണിച്ചു. ബന്ധു വഴി ചങ്ങനാശ്ശേരി മേഖലയിലെ സമൂഹമാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കി. ഇങ്ങനെയറിഞ്ഞ ചങ്ങനാശ്ശേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് നസീമയെ വിവരം അറിയിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം മോനിപ്പള്ളിയിലെത്തി പഴ്‌സ് ഏറ്റുവാങ്ങുകയായിരുന്നു.
Read Also:രജിസ്റ്റര്‍ വിവാഹത്തിന് വീട്ടുകാര്‍ എത്തി: കാമുകന്‍ എത്തിയില്ല, മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി
നസീമയുടെ മകന്‍ അന്‍ഷാദ് സൗദിയില്‍ ജോലി തേടി പോകുംവഴിയാണ് പഴ്‌സ് നഷ്ടമായത്. നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ സുഹൃത്താണ് മോനിപ്പള്ളിയിലെ കടയില്‍ ഇറങ്ങിയത്. ഇതിനിടയിലാണ് പഴ്‌സ് നഷ്ടമായത്. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പഴ്‌സ് നഷ്ടമായ വിവരം അറിഞ്ഞത്.
അവിടെ ഏറെ തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. സൗദിയില്‍ ചെലവഴിക്കുന്നതിന് റിയാലാക്കിയ പണമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. അവിടെ എത്തിയ മകന്‍ പണമില്ലാതെ ദൈനംദിന ചെലവിന് കഷ്ടപ്പെട്ടതോടെ അയല്‍വാസിയുടെ സ്വര്‍ണം വാങ്ങി പണയം വെച്ചാണ് നസീമ വീണ്ടും പണം അയച്ചുനല്‍കിയത്.