തിരുവനന്തപുരം: അഭിനയ മോഹവുമായി എത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസിൽ അഭിനയിപ്പിച്ച കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത (ശ്രീലാ പി മണി) അറസ്റ്റിൽ. ഇവരെ അരുവിക്കര പോലീസാണ് അറസ്റ്റ് ചെയ്തത്. ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയിൽ ഹാജരാകണം. ഉദ്യോഗസ്ഥനു മുന്നിൽ ആറ് ആഴ്ചത്തേക്കു ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന തെളിവുകൾ നൽക്കണം. ചോദ്യം ചെയ്യാൻ സമയം കൂടുതൽ വേണമെങ്കിൽ അനുവദിക്കണമെന്നതൊക്കെയാണ് ജാമ്യ വ്യവസ്ഥകൾ. വെങ്ങാനൂർ സ്വദേശിയായ 26 വയസ്സുകാരനാണ് പരാതിക്കാരൻ.
സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസിൽ അഭിനയിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. ചിത്രീകരിക്കുന്നത് അശ്ലീല ചിത്രമാണെന്ന് യുവാവിനോട് പറഞ്ഞിരുന്നില്ല.
തുടക്കത്തിൽ കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.