കഷ്ടപ്പാടുകള്‍ക്ക് നടുവില്‍ നിന്നും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി, അവര്‍ നല്ല നിലയിലെത്തി കാണാന്‍ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കള്‍. നല്ല ജോലിയുമെല്ലാം ആയിക്കഴിയുമ്പോള്‍ മാതാപിതാക്കളുടെ സന്തോഷത്തിന് വേണ്ടി ശ്രമിക്കുന്ന മക്കളും അവരെ അവഗണിക്കുന്നവരുമുണ്ട്. പെണ് മക്കളാവുമ്പോള്‍ പ്രത്യേകിച്ചും ജോലിയും വിവാഹവുമൊക്കെ ആയിക്കഴിയുമ്പോള്‍ സ്വന്തം വീട്ടിലേക്ക് പരിഗണന കൊടുക്കാന്‍ കഴിയാറില്ല.
ഓലപ്പുരയിലും ഷീറ്റ് വീട്ടിലും വളര്‍ന്ന് പഠിച്ച് എഞ്ചിനീയറായപ്പോഴും മാതാപിതാക്കള്‍ക്ക് അടച്ചുറപ്പുള്ള സൗകര്യങ്ങളുള്ള വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുകയാണ് ഒരു മകള്‍. തൃശ്ശൂര്‍ പഴയന്നൂര്‍ സ്വദേശിനിയായ ധന്യ വാസുദേവനാണ് ആ മാതൃകയായ മകള്‍. അച്ഛനും അമ്മയ്ക്കും വീടുണ്ടാക്കി നല്കിയ കഥ ധന്യ മനോരമ ഓണ്‍ലൈനിനോട് പങ്കുവച്ചതിങ്ങനെ,
അച്ഛനും അമ്മയും സ്ഥലംവാങ്ങി കഷ്ടപ്പെട്ടുപണിത ഓലപ്പുരയിലും, പിന്നീട് ഓടും ഷീറ്റും മേഞ്ഞ ഒരു ചെറിയ വീട്ടിലും ആയിരുന്നു എന്റെ സന്തോഷം നിറഞ്ഞ 24 വര്‍ഷം. അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടാണ് ചേച്ചിയേയും എന്നെയും പഠിപ്പിച്ചതും, ഞങ്ങള്‍ 21ാം വയസ്സില്‍ ജോലി നേടുന്നതും. ഞാന്‍ തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളജില്‍ നിന്ന് B. Tech കഴിഞ്ഞ് ഒരു IT കമ്പനിയില്‍ എന്‍ജിനീയറായും, ചേച്ചി B.Sc നഴ്സിങ് കഴിഞ്ഞ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്കാലിക സ്റ്റാഫ് നേഴ്സായും ജോലിയില്‍ പ്രവേശിച്ചു.
പിന്നീട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ വിവാഹം. ചേച്ചിയുടെയും എന്റെയും വിവാഹത്തിന് സ്വര്‍ണ്ണം എടുക്കാനായി എടുത്ത ലോണും, അച്ഛന്റെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറി നടത്താനായി വാങ്ങിയ കടബാധ്യതകളും, ചേച്ചിയുടെ വിദ്യാഭ്യാസ ലോണും, മറ്റ് ബാധ്യതകളും നിറഞ്ഞ ഒരു ജീവിതം ആയതുകൊണ്ടാവാം ഒരു സൗകര്യമുള്ള വീടെന്ന ആഗ്രഹം ഞങ്ങളുടെ സ്വപ്നങ്ങളില്‍ അന്നൊന്നും കടന്നുവന്നില്ല.
വിവാഹത്തിന് ശേഷം ഉത്തരവാദിത്തങ്ങള്‍ കൂടി, ബുദ്ധിമുട്ടുകള്‍ കൂടി. അപ്പോഴാണ് അന്നു ജോലി ചെയ്തിരുന്ന ഐ.ടി കമ്പനിയില്‍നിന്നും ഡെപ്യൂട്ടേഷനില്‍ മെക്സികോയില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടുന്നത്. 2019 ഡിസംബറില്‍ മെക്സിക്കോയില്‍ എത്തി. കോവിഡ്19നൊപ്പം ഒറ്റയ്ക്കുള്ള ജീവിതം. അച്ഛനും അമ്മക്കും ഒരു സൗകര്യമുള്ള വീടുപണിയണം എന്ന സ്വപ്നം മനസ്സില്‍ ആഴത്തില്‍ കടന്നുവരുന്നത് മെക്സിക്കോയില്‍ ഉള്ളപ്പോഴാണ്. ജനിച്ചുവളര്‍ന്ന വീടിന്റെ സൗകര്യക്കുറവിനെ പലരും അപമാനിച്ച സന്ദര്‍ഭങ്ങള്‍ മുറിപ്പാടായി ഉള്ളിലുണ്ടായിരുന്നു. അങ്ങനെ എന്റെ ഒരു സുഹൃത്ത് ഞാന്‍ ആവശ്യപെട്ടപ്രകാരം വീടിന്റെ പ്ലാന്‍ വരച്ച് അയച്ചുതന്നു.
ക്ഷേ 2 വര്‍ഷത്തിനു ശേഷം ഒറ്റയ്ക്കുള്ള ജീവിതവും മാനസിക സമ്മര്‍ദ്ദങ്ങളും കാരണം ഞാന്‍ വീസ നീട്ടാതെ നാട്ടില്‍ വന്ന് ജോലി തുടരാന്‍ തീരുമാനിച്ചു. എല്ലാവരുടെയും എല്ലാ കടബാധ്യതകളും തീര്‍ത്ത്, അച്ഛന് ഒരു ചെറിയ കടയും പണിതുകൊടുത്ത് 2 വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി. അങ്ങനെ വീടുവയ്ക്കണം എന്ന സ്വപ്നം മനസ്സില്‍ എവിടെയോ ഒതുങ്ങികൂടി. 2022 ജനുവരിയില്‍ അച്ഛനും അമ്മക്കും കോവിഡ് പിടികൂടി, ഞാന്‍ അവരെനോക്കാന്‍ ഒന്നര ആഴ്ച വീട്ടില്‍ നിന്നു. അന്നാണ് ഞാന്‍ സസൂക്ഷ്മം എന്റെ വീട് മനസിലാക്കുന്നത്. ജലനിധി കണക്ഷന് അല്ലാതെ ഒരു പ്ലമിങ് വര്‍ക്ക് പോലും ഇല്ല, അടുക്കളയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിയിട്ടുണ്ട്.
മഴപെയ്യുമ്പോള്‍ പൊട്ടിയ ആസ്ബറ്റോസില്‍ നിന്ന് വീഴുന്ന വെള്ളം നിറയ്ക്കാന്‍ പാത്രം എടുക്കാന്‍ അമ്മ ഓടുന്നത് വിഡിയോ കോള്‍ ചെയ്യുമ്പോള്‍ കണ്ടിടുണ്ട്. ഇതാണ് മഴക്കാലത്തെ അമ്മയുമായുളള വിഡിയോ കോളിലെ അന്നത്തെ സ്ഥിരം കാഴ്ചകള്‍. കുറച്ചു മാസങ്ങള്‍ക്കുശേഷം ഞാന്‍ ബെംഗളൂരുവിലെ മറ്റൊരു ഐടി കമ്പനിയിലേക്ക് മാറി. മെക്സികോയിലെ പോലെ മാസം 6 അക്ക സാലറി. മനസ്സിലെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകുവച്ചുതുടങ്ങി. ജൂണ്‍ 2022.. ഒരു സാധാരണ ദിവസം.. അമ്മ വിഡിയോ കോള്‍ ചെയ്ത് ഫോണ്‍ വയ്ക്കുന്നതിനുമുന്‍പ് പറഞ്ഞു ‘ജങഅഥ ലിസ്റ്റ് വന്നൂടാ, നമ്മള് ഇല്ലന്നാ പറഞ്ഞേ”…
അന്നെന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്ന് പോയി. ഞാന്‍ ഉറപ്പിച്ചു, എനിക്ക് അച്ഛനും അമ്മക്കും ഒരു സൗകര്യമുള്ള വീട് പണിയണം. എതിര്‍പ്പുകള്‍ ഉണ്ടായി. മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവരുതെന്നുവച്ച് അച്ഛനും അമ്മയും ചേച്ചിയും ഒരുപോലെ എന്റെ ആഗ്രഹത്തെ എതിര്‍ത്തു. ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഞാന്‍ അതിന് ഇറങ്ങിതിരിച്ചു. 1122 Sq.Ft വീട്. കരാര്‍ വര്‍ക്കിലുപരി മൊത്തം ഫിനിഷിങ് വര്‍ക്കിന്റെ 60% HDFCയില്‍ നിന്ന് ഹോംലോണും 40% സ്വന്തം സമ്പാദ്യവും. വീടുപണി 2022 സെപ്റ്റംബര്‍ 3നു തുടങ്ങി 2023 ഫെബ്രുവരി 5നു അവസാനിച്ചു (5 മാസം).
ചേച്ചിയും ചേച്ചിയുടെ വീട്ടുകാരും ലോണ്‍ കിട്ടുന്നതുവരെ സഹായിച്ചു. ഇപ്പോള്‍ അതെല്ലാം സെറ്റില്‍ ചെയ്തു, സ്വസ്ഥം. ചേച്ചിയായിരുന്നു അച്ഛനും അമ്മയ്ക്കുമൊപ്പം വീടുപണി എല്ലാം ഭംഗിയായി നോക്കിനടത്തിയത്. ഒപ്പം വീടുപണിയുടെ ഒരോ ഘട്ടത്തിലും എന്റെയും ഇടപെടലുകളുണ്ടായിരുന്നു, ഞങ്ങളുടെ ആഗ്രഹങ്ങളാണ് ഈ വീടിന്റെ ഓരോ മുറിയും. 2023 ഫെബ്രുവരി 10ന് ഗൃഹപ്രവേശം. As a woman, I proudly crown myself today!. പൗലോ കൊയ്ലോ പറഞ്ഞതുപോലെ: ‘നിങ്ങള്‍ എന്തെങ്കിലും ചെയ്യണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുമ്പോള്‍, അത് നേടാന്‍ നിങ്ങളെ സഹായിക്കുന്നതിന് പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തുന്നു…’അതെത്രമാത്രം ശരിയാണ്!. എല്ലാറ്റിനുമുപരി എനിക്ക് നന്ദി പറയാനുള്ളത് എന്റെ പങ്കാളിയോടാണ്. എനിക്കുതന്ന മാനസിക പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഈ യാത്ര എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് അനുകൂലവും, പരോക്ഷമായി പ്രതികൂലഅഭിപ്രായങ്ങളും ഞാന്‍ കേള്‍ക്കാനിടയായിട്ടുണ്ട്.
Dear Society, ഒരു സ്ത്രീ സ്വന്തമായി ജോലിചെയ്ത് ഉണ്ടാക്കുന്ന സമ്പാദ്യത്തിന്റെ ഒരു പാര്‍ട്ടുകൊണ്ട്, മറ്റാരെയും സാമ്പത്തികമായോ മാനസികമായോ ബുദ്ധിമുട്ടിലാക്കാതെ, അവളെ 20+ വര്‍ഷം വളര്‍ത്തി പഠിപ്പിച്ച അവളുടെ അച്ഛനേയും അമ്മയേയും ഒപ്പം സംരക്ഷിക്കുന്നതില്‍, എന്താണ് കുഴപ്പം?. It’s not wrong and it’s not extraordinary. It’s just normal. Accept that. അതിന് അവള്‍ക്ക് ‘സ്വാതന്ത്ര്യം’ ”തരേണ്ടതില്ല”, ‘അനുവാദം’ ”കൊടുക്കേണ്ടതില്ല”. അത് നമുക്കെല്ലാവര്‍ക്കും ഒരുപോലെ 1947-ല്‍ തന്നെ കിട്ടിയിട്ടുള്ളതാണ്.
Dear Women, നിങ്ങള്‍ക്കിഷ്ടമുള്ള, നിങ്ങള്‍ക്ക് അറിയാവുന്ന ജോലി എന്തൊ അത് നിങ്ങള്‍ ചെയ്യൂ. തയ്യലോ ഗാര്‍ഡനിങ്ങോ പെയിന്റിങ്ങോ എന്തായാലും… നിങ്ങള്‍ തീര്‍ച്ചയായും സാമ്പത്തികമായി സ്വയംപര്യാപ്തരാകണം അതിലൂടെ മാനസികമായി ശക്തരാകണം. ഒരു കേസിന്റെ ഭാഗമായി അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടതുപോലെ, ‘A daughter shall remain a daughter, married or unmarried!’
Discussion about this post