കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഭൗതികശരീരം ചേരാനെല്ലൂർ ശ്മശാനത്തിൽ സംസ്കരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചിരുന്ന ഭൗതിക ശരീരം വൈകീട്ടോടെയാണ് സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോയത്.
സിനിമ-ടെലിവിഷൻ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം നടിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. ആലുവയിലെ ആശുപത്രിയിൽ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു നടി സുബിയുടെ മരണം.
കരൾ മാറ്റിവയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകൾ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നു. അതിനിടെ വൃക്കയിൽ അണുബാധയുണ്ടായതാണ് നിലവഷളാക്കിയത്.
ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
Discussion about this post