തൃശ്ശൂര്‍: സുഹൃത്തുക്കളുടെ കാരുണ്യത്തില്‍ റിതുരാജിന് സ്വന്തം വീടായി. നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് റിതുരാജ്. സുഹൃത്തുക്കളെല്ലാം സൗകര്യമുള്ള വീട്ടിലിരുന്ന് പഠിക്കുമ്പോള്‍ റിതുവിന്
ചോര്‍ന്നൊലിക്കുന്ന വീടും നഷ്ടപ്പെടുമെന്ന സ്ഥിതിയായിരുന്നു.
അങ്ങനെ ഇടവേളകളിലെപ്പോഴോ സഹപാഠികളിലാരോ പറഞ്ഞാണ് അവന്റെ സങ്കടം സ്‌കൂളില്‍ അറിഞ്ഞത്. ആകെയുള്ള ചോര്‍ന്നൊലിക്കുന്ന വീട് പണയത്തിലാണ്.
ആധാരം ബാങ്കിലായതിനാല്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കിട്ടേണ്ട തുകയും കിട്ടില്ല.
അവന്റെ സങ്കടം കൂട്ടുകാര്‍ ഏറ്റെടുത്തു.
അവന്റെ വീട് അവരുടെ വീടായി. എങ്ങനെയും അതു വീണ്ടെടുക്കാന്‍ കൂട്ടുകാര്‍ കൈകോര്‍ത്തു. 3 മാസം നീണ്ട ആ ശ്രമം ഇന്നലെ വിജയിച്ചു. വീടിന്റെ ആധാരം വീണ്ടെടുത്തു.
ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാര്‍ ബ്രാഞ്ചിലെ 2.22 ലക്ഷം രൂപയുടെ ബാധ്യത തീര്‍ത്തു. സഹപാഠികളുടെയും സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ശലഭ ശങ്കറിന്റെയും ‘കൂട്ടായ’ ശ്രമമാണ് ഫലം കണ്ടത്.
വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്ന തെക്കേവീട്ടില്‍ മോഹനന്റെ മകനാണ് റിതുരാജ്. 2014 ല്‍ വീട്ടാവശ്യത്തിനെടുത്ത ഒന്നേകാല്‍ ലക്ഷം രൂപയുടെ അടവു മുടങ്ങിയത് അച്ഛന്റെ തൊഴില്‍ നഷ്ടവും അമ്മയ്ക്കുണ്ടായ അപകടവും മൂലമാണ്. ഡിസംബറില്‍ കുട്ടികളും പ്രോഗ്രാം ഓഫിസറും ബാങ്കില്‍ നേരിട്ടെത്തി. 3 മാസത്തിനുള്ളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ആധാരമെടുക്കാമെന്ന ഉറപ്പുനല്‍കുമ്പോള്‍ മുന്നില്‍ ശൂന്യതയായിരുന്നു.
ലോട്ടറി വില്‍പനയാണ് ആദ്യം തിരഞ്ഞെടുത്ത വഴി. ലോട്ടറി ഓഫിസില്‍ നിന്നു ലോട്ടറിയെടുത്ത് നൂറോളം കുട്ടികള്‍ അവരുടെ വീടുകളുടെ പരിസരത്തു വിറ്റു. ബിരിയാണി ചാലഞ്ച്, 50 രൂപയുടെ കൂപ്പണ്‍ വില്‍പന, ഹാന്‍ഡ് വാഷ്, ഡിഷ്വാഷ് ഉല്‍പന്നങ്ങളുണ്ടാക്കി വില്‍ക്കല്‍… അങ്ങനെ പോരാട്ടം നീണ്ടു.
Discussion about this post