കാസർകോട്: ഗവൺമെന്റ് കോളേജിൽ കുടിവെള്ള പ്രശ്‌നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പൂട്ടിയിട്ടതായി പരാതി. കോളേജ് വിദ്യാർഥികളെകൊണ്ട് കാലുപിടിപ്പിച്ച സംഭവത്തിൽ വിവാദങ്ങളിൽ ഇടം നേടിയ വ്യക്തിയായ കോളേജ് പ്രിൻസിപ്പൽ എം.രമയാണ് കുട്ടികളെ ചേംബറിൽ പൂട്ടിയിട്ട് വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുന്നത്.
ക്യാംപസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാർഥികളോടാണ് രമ അപമര്യാദയായി പെരുമാറുകയും ചേംബറിൽ പൂട്ടിയിടുകയുമായിരുന്നു. സംഭവത്തിൽ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ച പ്രിൻസിപ്പൽ വിദ്യാർഥികൾക്ക് ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
”വാട്ടർ പ്യൂരിഫയറിൽനിന്നു ലഭിച്ച വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാനാണ് എസ്എഫ്‌ഐ പ്രിൻസിപ്പലിനെ കണ്ടത്. ഈ വെള്ളം കുടിച്ചാൽ മതി എനിക്കു സമയമില്ലെന്നാണ് പ്രിൻസിപ്പൽ മറുപടി നൽകിയത്. ഇതിനു പരിഹാരം കാണാതെ മടങ്ങില്ലെന്ന നിലപാടിൽ വിദ്യാർഥികൾ അവിടെ കുത്തിയിരിക്കുകയായിരുന്നു. 15ൽ പരം വിദ്യാർഥികളെയാണ് പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ട് പുറത്തിറങ്ങിയത്” വിദ്യാർഥികൾ പറഞ്ഞു. പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരപരിപാടികൾക്കൊരുങ്ങുകയാണ് വിദ്യാർഥികൾ.
Discussion about this post