വെള്ളാങ്ങല്ലൂർ: സഹോദരങ്ങൾ അടങ്ങുന്ന കൊച്ചുകുടുംബത്തെ സംരക്ഷിക്കാനാണ് 19കാരനായ വർമാനന്ദകുമാർ രണ്ടായിരത്തിയഞ്ഞൂറിലധികം കിലോമീറ്റർ താണ്ടി വെള്ളാങ്ങല്ലൂരിലേയ്ക്ക് എത്തിയത്. വലിയൊരു ഉത്തരവാദിത്വം നെഞ്ചിലേറ്റി ഈ കൗമാരക്കാരൻ നാട് വിട്ട് ഇറങ്ങുമ്പോൾ കുടുംബം കരുതിയിരുന്നില്ല, നുറുങ്ങിയ ശരീരം തുന്നികെട്ടി ചലനമറ്റ് മടങ്ങി വരുമെന്ന്.
സ്വപ്‌നം പാതിയാക്കിയുള്ള വർമാനന്ദകുമാറിന്റെ വിയോഗം ഇന്ന് കണ്ണുകളെ നനയിക്കുകയാണ്. കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂർ വെളയനാട്ടുള്ള പ്ലാന്റിൽ കോൺക്രീറ്റ് മിക്‌സിങ് യന്ത്രത്തിൽപ്പെട്ടാണ് ബിഹാർ സ്വദേശിയായ വർമാനന്ദകുമാർ ദാരുണമായി മരിച്ചത്. 3 മാസം മുൻപാണ് ഇയാൾ ബന്ധു ബാലിയാദവിനൊപ്പം വർക്ക് സൈറ്റിലെത്തിയത്. ബിഹാറിൽനിന്നുള്ള സംഘത്തോടൊപ്പമാണ് ഇവർ പ്ലാന്റിൽ എത്തുന്നത്.
വർമാനന്ദകുമാർ ജോലിക്കായി കയറിയ സമയം സഹായിയായി ബാലി താഴെ ഉണ്ടായിരുന്നു. കോൺക്രീറ്റ് മിക്‌സിങ് യന്ത്രം പ്രവർത്തിച്ചതറിഞ്ഞ ഉടൻതന്നെ യന്ത്രത്തിനകത്ത് ആളുണ്ടെന്ന് ബാലി ഉറക്കെ വിളിച്ചുകൂകി. യന്ത്രം ഉടൻ തന്നെ നിർത്തിയെങ്കിലും ഫലമുണ്ടായില്ല. കറക്കംതുടങ്ങിയ വലിയ ശേഷിയുള്ള യന്ത്രം അപ്പോഴേക്കും കുറച്ചുസമയം പ്രവർത്തിച്ചിരുന്നു.
വർമാനന്ദകുമാർ അതിൽ അകപ്പെടുകയും ചെയ്തിരുന്നു. ശരീരം നുറുങ്ങിയ അവസ്ഥയിലായിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച കോട്ടയത്തുള്ള എജൻസിയുടെ സഹായത്തോടെ എംബാം ചെയ്തു. വ്യാഴാഴ്ച രാവിലെ വിമാനത്തിൽ ബിഹാറിൽ എത്തിക്കും. കമ്പനി ഇതിനാവശ്യമായ ചെലവുകൾ വഹിക്കുമെന്ന് അറിയിച്ചു.