മുളങ്കുന്നത്തുകാവ്: വാനും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് രക്തത്തിൽ കുളിച്ചു കിടന്ന യുവാവിനും അമ്മാവന്റെയും ജീവന് രക്ഷകയായി ഉദ്യോഗസ്ഥ. മിണാലൂർ അനൂപ് (32), അമ്മാവൻ രാമചന്ദ്രൻ (62) എന്നിവരാണ് സ്പെഷൽ ബ്രാഞ്ച് പോലീസ് മുൻ ഉദ്യോഗസ്ഥയും ഇപ്പോൾ കെഎസ്എഫ്ഇയിൽ സ്പെഷൽ ഗ്രേഡ് അസിസ്റ്റന്റുമായ അജിഷ ഹരിദാസിന്റെ ഇടപെടലിൽ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. ഇരുവരെയും മെഡിക്കൽ കോളേജിലേയ്ക്കാണ് അജിഷ എത്തിച്ചത്.
ഇന്നലെ വൈകിട്ട് 6.30ന് ഗ്രാമല ഇറക്കത്തിലാണു വാനും ബൈക്കും കൂട്ടിയിടിച്ചത്. മുഖംകുത്തി റോഡിൽ വീണ അനൂപിനും രാമചന്ദ്രനും ബോധം മറഞ്ഞിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ ആശുപത്രിയിലെത്തിക്കാൻ കണ്ടുനിന്നവർ ഭയപ്പെട്ട് മാറി നിന്നു. ആരും അടുത്തുപോകാതെ ഇരുവരും ഏറെ നേരം റോഡിൽ തന്നെ കിടന്നു.
ഇതിനിടയിലാണ് അജിഷ ഓഫീസിൽ നിന്നു മുളങ്കുന്നത്തുകാവിലെ വീട്ടിലേക്കു പോകാൻ ഈ വഴി എത്തിയത്. ഇവർ ബഹളം വച്ച് നിസ്സംഗരായി നിന്നവരെ പ്രേരിപ്പിച്ച് 2 വാഹനങ്ങൾ തടഞ്ഞു നിർത്തി പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ ഡോക്ടർമാരുടെ പരിചരണം ഉറപ്പാക്കുകയും അനൂപിന്റെ ബന്ധുക്കളെ വിവരമറിയിച്ച് ആശുപത്രിയിലെത്തിക്കുകയും ചെയ്ത ശേഷമാണ് അജിഷ മടങ്ങിയത്.
Discussion about this post