കോഴിക്കോട്: പരിക്കേറ്റ കാലിന് പകരം കുഴപ്പമൊന്നുമില്ലാത്ത കാലിന് ശസ്ത്രക്രിയ നടത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ. കാലുമാറി ശസ്ത്രക്രിയ നടത്തി ഗുരുതര അനാസ്ഥ തിരിച്ചറിഞ്ഞത് രോഗി പറയുമ്പോൾ മാത്രമാണ്. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്.
കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് സംഭവമുണ്ടായത്. കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ഒരു വർഷത്തിലധികമായി 60 കാരിയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്.
ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പിഴവ് ഡോക്ടർ തിരിച്ചറിഞ്ഞത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് ബോധാവസ്ഥയിലെത്തിയപ്പോൾ പറഞ്ഞതുകൊണ്ട് മാത്രമാണ്.
തനിക്ക് തെറ്റുപറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. പി ബഹിർഷാൻ ആണ് ഗുരുതര പിഴവ് വരുത്തിയത്. അതേസമയം, ചികിത്സാ പിഴവിൽ ഡോക്ടർ പി ബഹിർഷാൻ വിശദീകരണം നൽകിയിട്ടില്ല.
Discussion about this post