ആലപ്പുഴ: ഭഗവതിയുടെയും യക്ഷിയുടെയും അനുമതിയോടെ ഒറ്റപ്പന മുറിച്ച് മാറ്റി. ഹരിപ്പാട് ദേശീയപാതയ്ക്ക് വേണ്ടിയാണ് ചരിത്രത്തിന്റെ ഭാഗമായ പന മുറിച്ചത്. കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉത്സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം നടപടി അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷമാണ് പന മുറിച്ചത്.
ദേശീയ പാതയിലൂടെ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിന് മുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന പന. ദേശീയപാത വികസനത്തിനായി സമീപത്തെ മുഴുവന്‍ മരങ്ങളും കെട്ടിടങ്ങളും മാറ്റിയപ്പോള്‍ വിശ്വാസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഈ പന മാത്രം അധികൃതര്‍ മാറ്റിനിര്‍ത്തി. ഭഗവതിയുടെ ഉറ്റതോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലെന്നാണ് വിശ്വാസം.
ഉത്സവത്തിന്റെ പള്ളിവേട്ട തുടങ്ങുന്നത് ഈ പനയുടെ ചുവട്ടില്‍ നിന്നാണ്. അതുകൊണ്ട് ഉത്സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യം. മാത്രമല്ല, ഭഗവതിയുടെയും യക്ഷിയുടെയും അനുമതി വാങ്ങണം. ഒടുവില്‍ ഉത്സവം സമാപിച്ച്, തന്ത്രിയുടെ മേല്‍നോട്ടത്തില്‍ പരിഹാരക്രിയകള്‍ കൂടി നടത്തിയ ശേഷമാണ് ഇപ്പോള്‍ മരം മുറിച്ചത്. തലമുറകള്‍ കൈമാറി വന്ന, നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഈ പന അങ്ങനെ ചരിത്രമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പന മുറിക്കുന്നത് കാണാന്‍ രാവിലെ മുതല്‍ എത്തിയത്.
Discussion about this post