കൊച്ചി: നടി സുബി സുരേഷിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകലോകവും. സുബിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിരിക്കുകയാണ് നടന്‍ സുരേഷ് ഗോപി. അവയവദാനവും അവയവം മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട നിയമതടസങ്ങളുമെല്ലാം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി.
ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരിയായിരുന്നു സുബി. സുബി സുരേഷിന്റെ വേര്‍പാട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അവയവദാനത്തിലെ കള്ളത്തരങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം എന്നതിലേക്കാണെന്നും സുരേഷ് ഗോപി പറയുന്നു.
ഒഴിവാക്കാന്‍ പറ്റുമായിരുന്നു ഒരു വേര്‍പാടാണ് സുബിയുടേത്. ഒരാളുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലുള്ള നൂലാമാലകള്‍ നമ്മുടെ നിയമത്തിലുണ്ടെന്നും സുബിയുടെ ജീവന്‍ നിലനിര്‍ത്താന്‍ കഠിന പരിശ്രമം നടത്തിയ ടിനി ടോം അടക്കമുള്ള വ്യക്തികള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.
”സുബി സുരേഷിന് ആദരാഞ്ജലികള്‍! ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷേ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി.
ഇല്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ എന്ന് സുരേഷ് ഗോപി പറഞ്ഞു.
Discussion about this post