ചെങ്ങമനാട്: പേരറിയില്ലെങ്കിലും ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി 11 കോടി രൂപയോളം നൽകിയ ആ മനുഷ്യ സ്നേഹിയാണ് ഇന്ന് സോഷ്യൽമീഡിയയിലെ താരം. പേരും പ്രശസ്തിയും താത്പര്യമില്ലെന്ന് അറിയിച്ചുകൊണ്ടാണ് സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) രോഗബാധിതനായ 15 മാസം പ്രായമുള്ള നിർവാണിന് വലിയൊരു തുക നൽകിയത്. ഇപ്പോൾ ഈ വലിയ മനസിന് ഉടമയ്ക്ക് മനസുകൊണ്ട് ഒരായിരം നന്ദി പറയുകയാണ് സാരംഗ് മേനോനും ഭാര്യ അദിതിയും.
ജനുവരിയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽനിന്ന് മരുന്നെത്തിച്ച് ചികിത്സ നടത്താൻ വേണ്ടത് 17.4 കോടി രൂപയായിരുന്നു. പണം കണ്ടെത്താൻ സാമൂഹിക മാധ്യമങ്ങളടക്കം സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ശ്രമം നടത്തി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി തിങ്കളാഴ്ച രാവിലെ 10.30 ഓടെ 11 കോടി രൂപ അക്കൗണ്ടിലേയ്ക്ക് എത്തിയത്.
”തുക കൈമാറിയയാളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ആ വ്യക്തിയെ ഞങ്ങൾ ഹൃദയത്തോടു ചേർത്തു പിടിക്കുന്നു. കടലോളമുണ്ട് നന്ദി. കുഞ്ഞിന്റെ ചികിത്സക്കായി സഹായിച്ച എല്ലാവരോടും പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട്.”-സാരംഗും അദിതിയും പറയുന്നു. നെടുമ്പാശ്ശേരി മേയ്ക്കാടുള്ള അദിതിയുടെ അച്ഛന്റെ വീട്ടിലാണ് ഇപ്പോളിവർ താമസിക്കുന്നത്. പാലക്കാട് കൂറ്റനാട് മാലേലത്ത് വീട്ടിൽ സാരംഗിന് മുംബൈയിൽ മർച്ചന്റ് നേവിയിലാണ് ജോലി. അദിതി സോഫ്റ്റ്വെയർ എൻജിനീയറാണ്.
Discussion about this post