കാസർകോട്: വില്ലേജ് അസിസ്റ്റന്റിന്റെ അളിയനെ വില്ലേജ് ഓഫീസിൽ അനധികൃതമായി നിയമിച്ച വില്ലേജ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസിന്റെ ശുപാർശ. ഹാജർ പട്ടികയിൽ പേരില്ലെങ്കിലും വില്ലേജ് ഓഫീസിൽ രണ്ട് വർഷത്തോം അനധികൃതമായി പൂണ്ടുവിളയാടി ജോലി ചെയ്തു വരികയായിരുന്നു വില്ലേജ് അസിസ്റ്റന്റിന്റെ ഭാര്യാസഹോദരൻ ചാമുണ്ഡിക്കടവിലെ കെ. സുജിത്കുമാർ.
ഓഫീസിൽ ഭൂമി തരംമാറ്റൽ ക്രമീകരണം, അനന്തരാവകാശ പത്രികയുടെ റിപ്പോർട്ട് തുടങ്ങിയ സുപ്രധാന രേഖകൾ തയ്യാറാക്കുന്നതിനിടയിലാണ് സുജിത് കുമാർ പിടിയിലായത്. ഹാജർ പട്ടികയിൽ പേരില്ലാത്തയാളെ ജോലിക്കുവെച്ച കളനാട് വില്ലേജ് ഓഫീസർ പി.ജി. അംബിക, സ്പെഷ്യൽ വില്ലേജ് ഓഫീസർ ബി. സുജേഷ്, വില്ലേജ് അസിസ്റ്റന്റ് ടി. സുരേഷ്ബാബു എന്നിവർക്കെതിരേയാണ് നടപടിക്ക് ശുപാർശ. കളക്ടർക്ക് റിപ്പോർട്ട് നൽകി.
രണ്ടരവർഷത്തിലധികം സുജിത്ത് കുമാർ ജോലി ചെയ്തതായാണ് റിപ്പോർട്ടിൽ പറയുന്നത്. ആ കാലയളവ് പ്രത്യേകസംഘത്തെ രൂപവത്കരിച്ച് പരിശോധിക്കാനും റവന്യൂരേഖകൾ പരിശോധിച്ച് ഉറപ്പാക്കാനും വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടാത്ത അപേക്ഷ സുജിത്കുമാർ നേരിട്ട് കൈപ്പറ്റി തുടർനടപടി സ്വീകരിക്കുന്നതായും പൊതുജനങ്ങളിൽനിന്നു പ്രതിഫലം കൈപറ്റുന്ന ഏജന്റാണ് അദ്ദേഹമെന്നും റിപ്പോർട്ടിൽ പറയുന്നു.
2022 ഒക്ടോബർ 15-ന് ഉത്തരമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ പരിശോധനയ്ക്കിടെയായിരുന്നു കളനാട് വില്ലേജ് ഓഫീസിൽ ഉത്തരവാദപ്പെട്ട ജോലി സ്വന്തംനിലയിൽ ചെയ്യുന്ന ‘ഉദ്യോഗസ്ഥനെ’ കണ്ടതും പിടികൂടിയതും. വിജിലൻസ് എത്തിയപ്പോൾ ജോലിചെയ്യുകയായിരുന്ന സുജിത്കുമാർ പരിശോധനയാണെന്ന് മനസ്സിലാക്കി ഇറങ്ങിപ്പോകുകയായിരുന്നു. ഇങ്ങനെയൊരാളെ താത്കാലികമായി നിയമിച്ച വിവരം കാസർകോട് താലൂക്ക് തഹസിൽദാരോ, ഭൂരേഖാ തഹസിൽദാരോ അറിഞ്ഞിരുന്നില്ല.
Discussion about this post