തിരുവനന്തപുരം: പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് കാണിച്ച് അപേക്ഷയും പരാതിയും നൽകി ഓഫീസുകൾ കയറി ഇറങ്ങി മടുത്ത യുവാവ് സർക്കാർ ജീവനക്കാരെ ബന്ദിയാക്കി. പെല്ലെറ്റ് തോക്കുമായി എത്തിയാണ് യുവാവ് സർക്കാർ ജീവനക്കാരെ ബന്ദിയാക്കി പ്രദേശത്ത് ഭീതി സൃഷ്ടിച്ചത്.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷനിലായിരുന്നു ഇന്ന് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അമരവിള സ്വദേശി മുരുകനാണ് തോക്കുമായി എത്തി ഭീതി സൃഷ്ടിച്ചത്. പിന്നീട് പോലീസെത്തി മുരുകനെ കീഴ്‌പ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്. ഇയാളുടെ കൈവശം പെല്ലറ്റ് തോക്കാണ് ഉണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കനാലിൽ നിന്നും വെള്ളം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച് മുരുകൻ ഓഫീസിൽ എത്തിയിരുന്നു. വെള്ളം തുറന്നുവിടാത്ത പഞ്ചായത്ത് അടച്ചു പൂട്ടണം എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാർഡും മുരുകന്റെ കൈയിലുണ്ടായിരുന്നു. വെങ്ങാനൂർ പഞ്ചായത്തിൽ കനാൽ വെള്ളം എത്താത്തതിനാൽ കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടെന്ന് മുരുകൻ പറയുന്നു.
മുൻപും കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായി യുവാവ് എത്തിയിരുന്നു. നിരവധി തവണ വന്നിട്ടും പരിഹാരം കാണാതായതോടെയാണ് യുവാവ് തോക്കുമായെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. ജീവനക്കാരെ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയ മുരുകൻ അവരെ ഓഫീസിനുള്ളിലാക്കി പുറത്തു നിന്ന് പൂട്ടിയിടുകയായിരുന്നു.
നിരന്തരം ഒരു ആവശ്യത്തിനു വേണ്ടി ഈ സർക്കാർ ഓഫീസ് ഇറങ്ങിക്കയറിയിട്ടും തന്റെ പരാതിയിൽ ഇതുവരെ നടപടികളൊന്നും ഉണ്ടായില്ലെന്നു വിളിച്ചു പറഞ്ഞുകൊണ്ടാണ് മുരുകൻ വെങ്ങാനൂർ സിവിൽ സ്റ്റേഷനിൽ ജീവനക്കാരെ ബന്ദിയാക്കിയത്.