കൊച്ചി: തങ്ങളുടെ ആരാധനാ പാത്രങ്ങളെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കാണാന്‍ ആഗ്രഹിക്കാത്തവരായിട്ടില്ല. ആ സന്തോഷം മാത്രം മതി ജീവിത കാലത്തേക്ക്. താരരാജാവ് മോഹന്‍ലാലിനെ കാണണമെന്ന സ്വപ്‌നം സഫലമായിരിക്കുകയാണ് ഷിജിലിയ്ക്കും ഹരീഷിനും.
ജന്മനാ അസ്ഥികള്‍ പൊടിയുന്ന അസുഖവുമായി ജീവിക്കുന്ന ഷിജിലിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താന്‍ ഏറെ ആരാധിക്കുന്ന മോഹന്‍ലാലിനെ നേരിട്ടു കാണണമെന്നുള്ളത്. ജീവിതാവസ്ഥയോട് പൊരുതി ജീവിക്കുന്ന വ്യക്തിത്വമാണ് ഷിജിലിയുടേത്. കോഴിക്കോട് മാങ്കാവ് ജങ്ഷനില്‍ ലോട്ടറി കച്ചവടം നടത്തിയാണ് ഷിജിലി ജീവിക്കുന്നത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് മോഹന്‍ലാലിനൊപ്പം ചെലവഴിച്ചതെന്ന് ഷിജിലി ഫേസ്ബുക്കില്‍ കുറിച്ചു.
വാഹനാപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട ഹരീഷിനും ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ലാലേട്ടനെ കാണുക എന്നത്. അങ്ങനെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഇരുവര്‍ക്കും സ്‌നേഹവുമായി ലാലേട്ടന്‍ തന്നെ നേരിട്ടെത്തി. രണ്ടു പേര്‍ക്കൊപ്പവും സമയം ചെലഴിച്ചാണ് താരം മടങ്ങിയത്.
മോഹന്‍ലാല്‍ ഫാന്‍സ് സംഘടനയായ എകെഎംഎഫ്‌സിഡബ്യൂഎ കോഴിക്കോട് ജില്ല കമ്മിറ്റിയാണ് കൂടിക്കാഴ്ച്ചയ്ക്ക് അവസരമൊരുക്കിയത്. ഹരീഷിന് കൃത്രിമ കാല് വച്ചു പിടിപ്പിക്കാന്‍ സംഘടനയാണ് സാമ്പത്തിക സഹായം നല്‍കിയത്.