വണ്ടിപ്പെരിയാർ: കെഎസ്ഇബിയുടെ തെരുവുവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതലൈനിൽ നിന്നു ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ച സംഭവത്തിൽ മരിച്ചയാളെ പ്രതിയാക്കി കെഎ്ഇബി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ മനുഷ്യാവകാശ കമ്മിഷനാണ് കെഎസ്ഇബിയുടെ വിചിത്ര റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ 2നു വള്ളക്കടവിൽ മ്ലാമല ചാത്തനാട്ട് വീട്ടിൽ സാലിമോൻ (48) മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു പൊതുപ്രവർത്തൻ എംഎം ജോർജ് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കെഎസ്ഇബി നൽകിയ വിശദീകരണ റിപ്പോർട്ടിൽ കരാർ തൊഴിലാളിയുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയിരിക്കുന്നതെന്നു പരാമർശിച്ചിരിക്കുന്നത്.
ഉയരം കൂടിയ ഇരുമ്പ് ഏണി എച്ച്ടി വൈദ്യുതപോസ്റ്റിനു മുകളിലേക്ക് ഉയർത്തിയതാണ് അപകടം ഉണ്ടാകാൻ കാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവസമയത്ത് എച്ച്ടി ലൈൻ ഓഫ് ചെയ്തിരുന്നില്ലെന്നും എച്ച്ടിയുടെ ഒരു ലൈൻ വൈദ്യുതി പ്രവഹിച്ച പോസ്റ്റിനു മുകളിൽ ബന്ധിപ്പിച്ചിരുന്നതായും ഇതേ റിപ്പോർട്ടിൽ പറയുന്നു.