കോഴിക്കോട്: ലഹരിപാനീയം നല്കി മയക്കി വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നഴ്സിങ് വിദ്യാര്‍ഥിനിയാണ് ക്രൂരതയ്ക്കിരയായത്. സുഹൃത്തുക്കളും സഹപാഠികളുമായ രണ്ടുപേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. എറണാകുളം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വിദ്യാര്‍ഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്ക് എത്തിച്ച് ലഹരിപാനീയം നല്കി മയക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പുലര്‍ച്ചെ രണ്ടിന് മയക്കം വിട്ടുണര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരമറിയുന്നത്. അതേസമയം, സുഹൃത്തുക്കളായ ഇരുവരും മദ്യലഹരിയില്‍ ബോധംകെട്ട് ഉറങ്ങുകയായിരുന്നു. അപ്പോള്‍ തന്നെ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ വിദ്യാര്‍ഥിനി സഹപാഠിയായ നഴ്സിങ് വിദ്യാര്‍ഥിയെ ഫോണില്‍ വിളിച്ചുവരുത്തുകയും ഈ സഹപാഠി പെണ്‍കുട്ടിയെ താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നു.
ഗോവിന്ദപുരം ബൈപ്പാസിലാണ് പ്രതികളില്‍ ഒരാള്‍ താമസിക്കുന്നത്. ഇവിടെ ഒപ്പംതാമസിച്ചിരുന്ന വിദ്യാര്‍ഥികള്‍ വീട്ടില്‍പ്പോയ സമയത്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ഇവിടെക്ക് എത്തിച്ചത്.
രണ്ടാംപ്രതി എറണാകുളത്താണ് താമസം. ഇയാളെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിക്കുകയും തുടര്‍ന്ന് പരാതി നല്‍കുകയുമായിരുന്നു.