തൃക്കാക്കര: സ്വിഗ്ഗി ഭക്ഷണ വിതരണ ജീവനക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കാക്കനാട് വിഎസ്എൻഎൽ റോഡിലെ അസറ്റ് ഹോമിൽ താമസിക്കുന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡിനോ ബാബു (33), കൊടുങ്ങല്ലൂർ പടിഞ്ഞാറെ നെമ്പല്ലൂർ പൊയ്യാക്കര വീട്ടിൽ ചാരുദത്ത് (23), മാവേലിക്കര മാടശ്ശേരി വീട്ടിൽ സുധീഷ് (30) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഡിനോ ബാബു മുവാറ്റുപുഴ, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിൽ വഞ്ചനക്കേസുകളിൽ പ്രതിയാണ്. സുധീഷ് കൊലപാതകക്കേസിലും മയക്ക് മരുന്ന് കേസുകളിലും പ്രതിയാണ്.
ഡിനോ ബാബുവാണ് ഭക്ഷണം സ്വിഗ്ഗിയിൽ ഓർഡർ ചെയ്തിരുന്നു. ഭക്ഷണവുമായി ഫ്‌ളാറ്റിലെത്തിയെങ്കിലും സ്വിഗ്ഗി ജീവനക്കാരനായ ആബിദിനെ സെക്യൂരിറ്റി ജീവനക്കാരൻ അകത്തേക്കു വിട്ടില്ല. തുടർന്ന് പുറത്തുവന്ന് ഭക്ഷണം വാങ്ങിക്കണമെന്ന് ഡിനോയെ ആബിദ് അറിയിക്കുകയായിരുന്നു. എന്നാൽ ഫ്‌ളാറ്റിന് പുറത്തുവന്ന പ്രതികൾ ആബിദിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയായിരുന്നു. തുടർന്ന് ആബിദിന്റെ ബൈക്കുമായി പ്രതികൾ കടന്നു.
ഇതിനിടെ ഓടി രക്ഷപ്പെട്ട ആബിദിനെ കളക്ടറേറ്റിന് സമീപത്തെ പ്രധാന റോഡിലുണ്ടായിരുന്ന സഹപ്രവർത്തകർ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.
ഫ്‌ളാറ്റിനുള്ളിലേക്ക് ആബിദ് ഭക്ഷണം എത്തിക്കാത്തതാണ് പ്രതികളുടെ ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ ഇൻഫോപാർക്ക് സിഐ വിപിൻ ദാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജയകുമാർ, മുരളീധരൻ, വിനു, സിജി റാം എന്നിവരാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.