തിരുവനന്തപുരം: കണ്ണൂർ സ്വദേശിയായ കർഷകൻ ഇസ്രയേലിലേക്ക് പോയ കർഷക സംഘത്തിൽനിന്ന് മുങ്ങിയത് ആസൂത്രിതമായെന്ന് മന്ത്രി പി പ്രസാദ്. ആധുനിക കൃഷിരീതി പഠിക്കാനായി പോയ സംഘത്തിൽ നിന്നും ബിജു കുര്യൻ മുങ്ങിയത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്.
17ാം തീയതിയാണ് ബിജുകുര്യൻ സംഘത്തിൽനിന്ന് കാണാതായത്. പിന്നീട് അദ്ദേഹത്തെ കാണാതായി. തുടർന്ന് താൻ സുരക്ഷിതനാണെന്നും തന്നെക്കുറിച്ച് തിരക്കേണ്ടെന്നും അദ്ദേഹം ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചപ്പോഴാണ് ബോധപൂർവം മുങ്ങിയതാണെന്ന് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.
ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും നല്ല ഉദ്ദേശ്യത്തോടെയാണ് കർഷകസംഘത്തെ ഇസ്രയേലിലേക്ക് അയച്ചതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. സംഭവത്തിൽ എംബസിയിലും പോലീസിലും പരാതി നൽകിയിട്ടുണ്ട്.
കൂടാതെ, ഇസ്രയേലിൽനിന്നുള്ള സംഘം നാളെ മടങ്ങിയെത്തിയശേഷം കൂടുതൽ നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു. അതേസമയം, ഇസ്രയേലിൽനിന്ന് കാണാതായ ബിജുകുര്യൻ കർഷകനല്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
കണ്ണൂർ ഇരിട്ടി ഉളിക്കൽ പേരട്ട സ്വദേശിയായ ഇദ്ദേഹം എൽഐസി ഏജന്റാണെന്നും വലിയരീതിയിലുള്ള കർഷകനല്ലെന്നും നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ ഇദ്ദേഹം എങ്ങനെയാണ് കർഷകരുടെ പട്ടികയിൽ കയറിപ്പറ്റിയതെന്നും ചർച്ചയാവുകയാണ്.